കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നവംബർ12 മുതൽ
സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നവംബർ 12 മുതൽ 20 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.
വിപുലമായ പരിപാടികളോടെയാണ് പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടി ഗ്രാമീണ ഉത്സവമാക്കി മാറ്റാൻ മുഴുവൻ ആളുകളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.കേരളോത്സവത്തിൽ വിവിധ കലാ കായിക വിനോദ മത്സരങ്ങൾ നടക്കും.
മുഖംമാറാൻ കാരശ്ശേരി സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍
കുറ്റിപ്പറമ്പ് സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്ററിനെ പുതുപുത്തനാക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വയോധികര്‍ക്കായി വാര്‍ഡ് 18ലെ കുറ്റിപ്പറമ്പില്‍ നിര്‍മ്മിച്ച സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍ കെട്ടിടം പഞ്ചായത്ത് നവീകരിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ കെട്ടിടം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നവീകരണം നടത്തുകയായിരുന്നു. ആദ്യഘട്ട നവീകരണത്തിൽ മുറ്റം ടൈല്‍ വിരിക്കല്‍, ഷീറ്റ് വിരിക്കൽ, അറ്റകുറ്റപ്പണികൾ തുടങ്ങി കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. മെച്ചപ്പെട്ട നിലവാരത്തില്‍ പൂര്‍ണ്ണമായും വയോജന സൗഹൃദ രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്.
വാര്‍ദ്ധക്യ പ്രശ്‌നങ്ങളില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മുതിര്‍ന്ന പൗരന്മാരെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സെന്ററിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പറയുന്നു. വാര്‍ദ്ധക്യം ഒരു ജീവിതാവസ്ഥയാണ്, അത് ഉള്‍ക്കൊള്ളുന്ന പൊതുസമൂഹമാണ് വേണ്ടതെന്നും വയോജന സൗഹൃദമെന്ന ആശയമാണ് പഞ്ചായത്തിന്റെ നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു.
നവീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 9) പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിക്കും.
വയോധികര്‍ക്ക് ഒന്നിച്ചിരിക്കാനും വായിക്കാനും ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കും. കൂടാതെ ഇരിപ്പിടങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുകയും മാസത്തിലൊരിക്കല്‍ വയോജനങ്ങള്‍ക്ക് ആസ്വാദകരമാവുന്ന രീതിയില്‍ കള്‍ച്ചറല്‍ പരിപാടികൾ നടത്തുകയും ചെയ്യും. ഈ കെട്ടിടത്തോട് ചേർന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു വയോജന പാർക്കും ഒരുക്കുന്നുണ്ട്.
കരുത്തരാകാൻ കരാട്ടെ പരിശീലനം
ശാരീരികക്ഷമത വർദ്ധിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ട് ബാച്ചുകളിലായാണ് പരിശീലന ക്ലാസ്സ്.
ചൊവ്വ, ശനി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ രാത്രി 7 വരെ പഞ്ചായത്ത് ഹാൾ, നടുപ്പൊയിൽ സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ ഷിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. കരാട്ടെ ഇൻസ്ട്രക്ടർ സ്മേര സുമിത്രൻ ക്ലാസ് കൈകാര്യം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങളായ സബിന മോഹൻ, ടി.കെ.കുട്ട്യാലി, കരീം എം.പി, സുമിത്ര സി.കെ, ബാബു ഒ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സൗജന്യ യോഗ പരിശീലനം ആരംഭിച്ചു
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുമായ കോക്കല്ലൂർ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ യോഗ പരിശീലനം, യോഗ തെറാപ്പി എന്നിവ ലഭ്യമാകും. സേവനം ആവശ്യമുള്ളവർ ഡിസ്പെൻസറി ഒ.പി യിൽ രജിസ്റ്റർ ചെയ്യണം.
വൈസ് പ്രസിഡൻറ് അസൈനാർ എമ്മച്ചം കണ്ടി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഉമ മഠത്തിൽ, പി.എൻ അശോകൻ, എം. ശ്രീജ, ജനപ്രതിനിധികളായ ഇന്ദിര, അനൂജ, ശിഖ, മെഡിക്കൽ ഓഫീസർ ഡോ.തൻസീറ, യോഗ ഇൻസ്ട്രക്ടർ ഡോ. ദിവ്യശ്രീ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അതിദരിദ്രരുടെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി
തിക്കോടി ഗ്രാമപഞ്ചായത്തിൽ അതിദരിദ്രരുടെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. വാർഡ് മൂന്ന്, നാല് എന്നിവയിൽ ഉൾപ്പെട്ടവരാണ് ക്യാമ്പിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ ശേഷിക്കുന്ന വാർഡുകളിൽ ക്യാമ്പുകൾ നടത്തും. ആലോപ്പതി ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ലഭ്യമായത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷമാരായ പ്രനില സത്യൻ, കെ.പി ഷക്കീല, പഞ്ചായത്തംഗങ്ങളായ ബിനു കാരോളി, എം.കെ ദിബിഷ, മേലടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മംഗള, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജുലാൽ, ജോഗേഷ് എന്നിവർ സംസാരിച്ചു.
അറിയിപ്പുകൾ
എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കി നൽകാം
പിഎസ് സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികകളിൽ സ്ഥിരം ജോലി ലഭിച്ചതുകൊണ്ട് തുടർന്ന് പുതുക്കാത്തതിനാൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ റദ്ദായ ഭിന്നശേഷിക്കാരായ 50 വയസ്സ് കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗദായകനിൽ നിന്നും എൻ ഒ സി ഹാജരാക്കി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിന് ഡിസംബർ 31 വരെ അവസരമുണ്ടെന്ന് കൊയിലാണ്ടി എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
സൗജന്യ പരിശീലനം നൽകുന്നു
കോഴിക്കോട് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുളള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന ഭിന്നശേഷിക്കാരുടെ പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ മാസത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 14 നകം അതാത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04952373179
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിലേക്കായി 11 മാസത്തേക്ക് ഒരു ടാക്സികാർ ഡ്രൈവർ സഹിതം പ്രതിമാസ വാടക അടിസ്ഥാനത്തിൽ നൽകാൻ തയ്യാറുളള വ്യക്തികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ടാക്സി പെർമിറ്റുളള 5 സീറ്റ് ഡീസൽ/പെട്രോൾ എ.സി വാഹനമാണ് പ്രതീക്ഷിക്കുന്നത്. വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ നവംബർ 25 ന് വൈകുന്നേരം 2 മണിക്കുളളിൽ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, മലബാർ ദേവസ്വം ബോർഡ്, ഡി ബ്ലോക്ക്, മൂന്നാം നില, സിവിൽ സ്റ്റേഷൻ കോഴിക്കോട്, വിലാസത്തിൽ ലഭിക്കണം. ഫോൺ 0495 2374547
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ്ടൂ പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായ പരിധി 17 മുതൽ 35 വരെ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി,പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും , മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. നവംബർ 19 വരെ അപേക്ഷിക്കാം. പ്രിൻസിപ്പൽ ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ,പത്തനംതിട്ട. വിവരങ്ങൾക്ക്: 04734296496, 8547126028.
അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പിനു കീഴിൽ കോഴിക്കോട് മായനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിയുളളവർക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിൽ സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുളളവർക്കായി ടൈലറിംഗ്, പ്രിന്റിംഗ് ടെക്നോളജി, മത്സര പരീക്ഷാ പരിശീലനം എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുളളവർ നവംബർ 11 ന് മുൻപ് 0495-2351403 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വിവരങ്ങൾ അറിയിക്കണം
കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവിവാഹിതകളോ , വിധവകളോ ആയ രണ്ടാംലോക മഹായുദ്ധ സേനാനികളുടെ പെണ്‍മക്കള്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷനോ മറ്റ് സാമ്പത്തിക സഹായങ്ങളോ കൈപ്പറ്റുന്നില്ലെങ്കില്‍ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍14 നകം അവരുടെ പേര്, അഡ്രസ് , മൊബൈല്‍ നമ്പര്‍, രണ്ടാം ലോക മഹായുദ്ധ സേനാനിയുടെ പേര് , റാങ്ക്, നമ്പര്‍ സഹിതം നല്‍കേണ്ടതാണ്. വിവരങ്ങള്‍
[email protected] എന്ന ഇ -മെയിലിലേക്കും അയക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്: 0495- 2771881
പരിശീലനം നൽകുന്നു
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ15,16 തിയ്യതികളിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർക്കോട്,കോഴിക്കോട് ജില്ലകളിലെ കർഷകർ നവംബർ 14 നു മുമ്പായി പരിശീലന കേന്ദ്രത്തിൽ 04972-763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
സിറ്റിംഗ് നടത്തും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് നവംബർ 15 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതൽ ഓംബുഡ്സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാവുന്നതാണെന്ന് മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ അറിയിച്ചു.
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലന പരിപാടികൾ,മീറ്റിംഗുകൾ എന്നിവയിലേക്ക് ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് (റേറ്റ് കോൺട്രാക്സ്) ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോം സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 19 ന് വൈകിട്ട് 5 മണി. ടെണ്ടർ തുറക്കുന്ന തിയ്യതി നവംബർ 21 ഉച്ചക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495-2374990.
തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ് വിദ്യാധരൻ (ജില്ലാ ജഡ്ജ്) നവംബർ 24 ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന് കോഴിക്കോട് ലേബർ കോടതി സെക്രട്ടറി അറിയിച്ചു.
റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു
തിക്കോടി ഗ്രാമപഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ് വളണ്ടിയര്‍മാരും വ്യാപാരികളും ഓട്ടോറിക്ഷ ജീവനക്കാരും ചേർന്നാണ് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചത്. പയ്യോളി ഹൈസ്ക്കൂൾ ഗ്രൗണ്ട് മുതൽ തിക്കോടി ടൗൺ വരെയാണു ജാഗ്രതാ ടീമിന്റെ പ്രവർത്തന പരിധി.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ജാഗ്രതാ ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. ജൂനിയർ എ.എസ്.ടി. ഒ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാജു എന്നിവർ പങ്കെടുത്തു.
ജാഗ്രത ടീമംഗങ്ങൾക്ക് റോഡ് അപകടങ്ങൾ ഉണ്ടായാൽ ആദ്യഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെപ്പറ്റിയും ഫസ്റ്റ് എയ്ഡ്നെ കുറിച്ചും ക്ലാസെടുത്തു. കൊയിലാണ്ടി ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫീസർ സി.പി ആനന്തൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസെടുത്തത്.
അരി വില വര്‍ദ്ധന; യോഗം ചേര്‍ന്നു
നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ അദ്ധ്യക്ഷതയില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തില്‍ വിലവര്‍ദ്ധന പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.
വിപണിയിലെ പ്രശ്‌നങ്ങളും വിലവര്‍ദ്ധനയുടെ കാരണങ്ങളും വ്യാപാരികള്‍ പങ്കുവെച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ എന്നിവ അനുവദിക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഇടപെടുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികളോട് വ്യാപാരികൾ സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യവസായ പ്രദർശന വിപണന മേള 2022-23- ലോഗോ പ്രകാശനം ചെയ്തു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവംബർ 22 മുതൽ 26 വരെ മാനാഞ്ചിറ സി എസ് ഐ ഹാളിൽ നടക്കുന്ന വ്യവസായ പ്രദർശന വിപണന മേള 2022-23 ന്റെ ലോഗോ പ്രകാശനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കരകൗശല മേഖലയിലെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, മാനേജർ ബാലരാജൻ, അസിസ്റ്റന്റ് ഡയറക്ടർ പി നിതിൻ, വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്, കോർപ്പറേഷൻ വ്യവസായ ഇന്റെൺസ് എന്നിവർ പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ നന്ദകുമാറാണ് ലോഗോ തയ്യാറാക്കിയത്.
അധ്യാപകർക്ക് പരിശീലനം നൽകി
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സന്നദ്ധ അധ്യാപകരുടെ ഏകദിന പരിശീലനം ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്.
ഫറോക്ക് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സമീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റൻറ് കോർഡിനേറ്റർ ശാസ്ത പ്രസാദ് പദ്ധതി വിശദീകരിച്ചു. പി.വി.സംഗീത സാക്ഷരതാ യജ്ഞം സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി. ഫറോക്ക് നഗരസഭ റിസോഴ്സ് പേഴ്സൺ സുഭാഷ് മാസ്റ്റർ ക്ലാസ്സെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കുമാരൻ, കൗൺസിലർമാരായ മാളിയേക്കൽ മുഹമ്മദ്, കെ.അൻവറലി എന്നിവർ ആശംസ അറിയിച്ചു. സാക്ഷരതാ പ്രേരക് ടി.ഉഷാകുമാരി സ്വാഗതം പറഞ്ഞു.
തിരുവള്ളൂരിൽ സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതി
തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. ഗ്രാമ പഞ്ചായത്തിലെ ചെറുതും വലുതുമായ ആറ് നീർത്തടങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കന്നിനട, പെരിഞ്ചേരി ക്കടവ് നോർത്ത് , പെരിഞ്ചേരിക്കടവ് സൗത്ത്, വള്യാട്, ചൊവ്വാപ്പുഴ, അക്ലോത്ത്നട എന്നീ നീർത്തടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ പ്രദേശത്തെ തൊഴിൽ സാധ്യത വർദ്ധിക്കുന്നതിനോടൊപ്പം തന്നെ മണ്ണു ജല സംരക്ഷണവും ജൈവ സുരക്ഷയും സാധ്യമാകും.
പദ്ധതിയുടെ ജനകീയ വിളംബരത്തിന്റെ ഭാഗമായി നടന്ന നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ്, ജനപ്രതിനിധികളായ പി.സി. ഹാജറ, ഗോപീ നാരായണൻ, പി.പി.രാജൻ, സി.വി.രവീന്ദ്രൻ ,വൈഷ് ണവ് ,എ. ഇ വിഷ്ണു പ്രണവ് തുടങ്ങിയവർ സംസാരിച്ചു.