ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം എന്നിവ മുന്നില്‍ കണ്ട് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയം ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല.
ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി പൊതു അവധികള്‍ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കാനായി എമര്‍ജന്‍സി സെന്റര്‍ സംവിധാനം പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കും, ഇതിനായി അടിവാരത്തുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ടോയ്ലറ്റ് അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും ഫൈന്‍ ഈടാക്കാവുന്നതാണ്. ചുരത്തില്‍ പുറമ്പോക്ക് കയ്യേറ്റം നടത്തി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സര്‍വ്വേ നടത്തി നടപടി സ്വീകരിക്കും.
മാത്രമല്ല, ചുരത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തില്‍ നിന്നും ലക്കിടിയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കലക്ടറുടെ ചേംബറില്‍ കോഴിക്കോട് ഡി എഫ് ഒ അബ്ദുള്‍ ലത്തീഫ്, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് ടി കെ, കൊടുവള്ളി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടര്‍ റിജിത്ത് എന്‍ ജയപാലന്‍, പി ഡബ്‌ള്യു ഡി ഇ ഇ വിനയരാജ് കെ, പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ഇ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു വി.കെ, ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പി കെ സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.