‘ആൾദെെവ പ്രവർത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നു’; കായണ്ണയിലെ ചാരുപറമ്പിൽ രവിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധ മാർച്ച്
ചാരുപറമ്പിൽ രവി 12 വർഷം മുമ്പാണ് ആൾദൈവം ചമയുന്നത്. ഉറഞ്ഞുതുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതരദേശങ്ങളിൽനിന്ന് ഇയാളെ തേടി നിരവധി ആളുകൾ വരാൻ തുടങ്ങി. ഇങ്ങനെയെത്തുന്നവർ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും സർവകക്ഷി യോഗം ചൂണ്ടിക്കാട്ടി.
എട്ടുമാസം മുമ്പ് യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി താമസിപ്പിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഇടക്കാലത്ത് നിർത്തിവെച്ച ഉറഞ്ഞുതുള്ളൽ വീണ്ടും തുടങ്ങിയതോടെയാണ് സർവകക്ഷി യോഗം മാർച്ച് നടത്താൻ തീരുമാനിച്ചത്.
ഇയാൾ ഗുണ്ടകളെ ഇറക്കി നാട്ടുകാരെ നേരിടാൻ ശ്രമിക്കുന്നതിനെതിരെ പൊലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു.
കെ.കെ. നാരായണൻ, കെ.വി. ബിൻഷ, ജയപ്രകാശ് കായണ്ണ, എം.കെ. ബാലകൃഷ്ണൻ, എ.സി. സതി, പി.കെ. അബ്ദുൽ സലാം, സി. പ്രകാശൻ, രാജൻ കോറോത്ത്, എൻ.പി. ഗോപി, ബാബു കുതിരോട്ട്, രാജഗോപാലൻ കവിലിശ്ശേരി, പി.പി. ഭാസ്കരൻ, എൻ. ചോയി തുടങ്ങിയവർ സംസാരിച്ചു.
Summary: Locals protest march against Ravi at Charuparamba in Kayanna