ആനപ്പല്ല് കടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍
പേരാമ്പ്ര: ആനപ്പല്ല് കടത്തുന്നതിനിടെ ആറ് പേര്‍ മുത്തങ്ങയില്‍ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ അഞ്ച് കോഴിക്കോട് സ്വദേശികളും ഒരു വയനാട് സ്വദേശിയുമാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനപരിശോധനയിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തത്.
കൊയിലാണ്ടി സവര്‍മതി ആകര്‍ഷ് എസ്. മോഹന്‍ (30), പുല്‍പ്പള്ളി ചിയമ്പം കാട്ടുനായ്ക്ക കോളനിയിലെ ബി.അജീഷ് (23), എലത്തൂര്‍ സ്വദേശികളായ പറമ്പില്‍മുകളില്‍ ടി.വിഷ്ണു (33), മനത്താനത്ത് എ.സുജിത്ത് (39), പടുവലത്ത് പി.രജ്ഞിത്ത് (36), ചന്ദനപറമ്പത്ത് സി.പി.അര്‍ഷകനാഥ് (34) എന്നിവരാണ് പിടിയിലായത്. ഇതില്‍ അജീഷിന്റെ ബാഗില്‍ നിന്നാണ് ആനപ്പല്ല് കണ്ടെത്തിയത്. വിഷ്ണു യുവമോര്‍ച്ച എലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.
മുത്തങ്ങ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന അഞ്ചുപേര്‍ വഴിയില്‍ വച്ച് സംഘത്തിലെ ബാക്കിയുള്ളവര്‍ തനിക്ക് ലിഫ്റ്റ് തരികയായിരുന്നുവെന്നാണ് അജീഷ് പറയുന്നത്. സംഘത്തിലെ ഒരാള്‍ അജീഷിനൊപ്പം കോഴിക്കോട് ബിരുദപഠനം ഒന്നിച്ചായിരുന്നു. അജീഷിനെയും ഒപ്പം കൂട്ടി പോകുന്നതിനിടെയാണ് മുത്തങ്ങ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയില്‍ ഇവരില്‍ നിന്ന് ആനപ്പല്ല് കണ്ടെടുക്കുന്നത്.
പിടിയിലായ ആറ് പേരെയും വനംവകുപ്പിന് കൈമാറി. ഇവര്‍ സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടില്‍നിന്ന് വീണു കിട്ടിയതാണ് ആനപ്പല്ലെന്നാണ് അജീഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. അനുജന് മുണ്ടിനീര് പിടിപെട്ടപ്പോള്‍ ആനപ്പല്ലും ചന്ദനവും ചേര്‍ത്ത് അരച്ചത് നല്ല മരുന്നാണെന്ന് അറിഞ്ഞു. അത് എങ്ങനെ തയാറാക്കുമെന്ന് അന്വേഷിക്കാനാണ് മുത്തങ്ങയിലെ ഒരു കോളനിയില്‍ പോയതെന്നും മടങ്ങിവരുന്നതിനിടെയാണ് സഹപാഠി ഉള്‍പ്പെടുന്ന സംഘം ലിഫ്റ്റ് നല്‍കിയതെന്നും അജീഷ് പറയുന്നു.