ആധുനിക സൗകര്യങ്ങളോടെ സ്വന്തമായി കാരവാൻ നിർമ്മിച്ചു; അമ്മയുമായി സെെക്കിൾ കാരവാനിൽ കേരളം ചുറ്റി ഇരുപത്തൊന്നുകാരനായ കുന്നമം​ഗലം സ്വദേശി


കോഴിക്കോട്: സെെക്കിൾ കേരവാനിൽ ഒന്നു തിരുവനന്തപുരം വരെ പോയിട്ട് വരാം, പറയുന്നത് മറ്റാരുമല്ല കോഴിക്കോട് സ്വദേശിയായ ആകാശ് കൃഷ്ണയാണ്. സ്വന്തമായി നിർമ്മിച്ച കാരവാനിലാണ് അമ്മയ്ക്കൊപ്പം ആകാശ് തലസ്ഥാന ന​ഗരിയിലേക്ക് പോകുന്നത്. ദിവസങ്ങൾ നീളുന്ന യാത്രയിൽ ഭക്ഷണവും പാകം ചെയ്യലും വിശ്രമവുമെല്ലാം സെെക്കിളിന് പിന്നിൽ ഘടിപ്പിച്ച കുഞ്ഞു കാരവാനിൽ തന്നെ.

കുന്നമം​ഗലം പിലാശ്ശേരിയിലെ ഉദയരാജിന്റെയും റീജയുടെയും മകനാണ് 21-കാരനായ ആകാശ്. യാത്രകളെ ഏറെ ഇഷ്ടമുുള്ളതിനാൽ കുറഞ്ഞ ചെലവിൽ യാത്രപോകണമെന്ന മോഹമാണ് സ്വന്തമായി കാരവാൻ നിർമ്മിക്കുന്നതിലേക്ക് എത്തിയത്.

സാധാരണ കുടുംബത്തിലാണ് ആകാശ് ജനിച്ചു വളർന്നത്. അച്ഛന് സ്പെയർപാർട്സ് ഷോപ്പ്, വീട്ടമ്മയായ അമ്മ, സഹോദരി, ഇവരാണ് ആകാശിന്റെ ലോകം. മെക്കാനിക്കൽ ഡിപ്ലോമ പഠിക്കണം എന്ന മോഹവും ആകാശ് പൂർത്തിയാക്കി. അതിനുശേഷം സ്വന്തമായി ഇലക്ട്രിക് സൈക്കിൾ നിർമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്തുണയായി അമ്മയും അച്ഛനുമൊക്കെയുണ്ടായിരുന്നു. ഇലക്ട്രിക് സൈക്കിളിന്റെ പിന്നിൽ ഘടിപ്പിക്കാവുന്ന ട്രെയ്ൽ എന്ന കാരവാനും നിർമിച്ചു. മകന്റെ സ്വപ്നത്തിന് കൂട്ടായി, കൈയിലുള്ള പൊന്നും പണവും അമ്മ നൽകി. മനസ്സിൽ കരുതിയതിനേക്കാൾ ഭംഗിയായി സൈക്കിൾ റെഡി.

നിർമാണ ചെലവ് ഒന്നരലക്ഷത്തോളം രൂപയായി. അത്യാധുനിക രീതിയിലാണ് സൈക്കിൾ കാരവാൻ പണിതിരിക്കുന്നത്. രണ്ടുപേർക്ക് വിശ്രമിക്കുവാനുള്ള ഒരു ചെറിയ മുറിയുടെ വലുപ്പം, അതിൽ ടിവി, കൂളർ, ഫാൻ, ഫ്രിജ്, പാചകത്തിനുള്ള അത്യാവശ്യ സാധനങ്ങൾ എന്നുവേണ്ട സകലതുമുണ്ട്. മിനി ഹോട്ടൽ തന്നെയാണ് ഈ സൈക്കിൾ കാരവാൻ. കൂടാതെ സോളാർ പാനലുകളും കാരവനിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

സൈക്കിൾ കാരവനോടൊപ്പം ആദ്യം പോയത് കോഴിക്കോട് നിന്ന് കാസർഗോട്ടേക്കായിരുന്നു. അച്ഛനും അമ്മയും ഒപ്പം മറ്റൊരു സ്കൂട്ടറിലും എത്തി. ആദ്യയാത്ര വിചാരിച്ചതിലും ഭംഗിയായി. ഇപ്പോഴിതാ അമ്മയെയും കൂട്ടി ഓൾ കേരളാ ട്രിപ്പിലാണ്. യാത്ര പുറപ്പെടാനിരിക്കെ അമ്മയോടെ വെറുതേ ചോദിച്ചതാണ് സോളോ യാത്ര എനിക്ക് ഇഷ്ടമല്ല കൂടെ പോരുന്നോയെന്ന്. അമ്മ സമ്മതിക്കുകയം ചെയ്തു. തുടർന്ന് രണ്ടുപേരും കൂടി യാത്ര ആരംഭിക്കുകയായിരുന്നു.

രാവിലെ തുടങ്ങുന്ന യാത്ര വൈകുന്നേരം അവസാനിപ്പിക്കും. അമ്മയുള്ളതിനാൽ സുരക്ഷിതമായ സ്ഥലത്ത് നിർത്തും. പെട്രോൾ പമ്പുകളിലാണ് രാത്രി തങ്ങുന്നത്. പോകുന്ന വഴിയിൽ സ്വസ്ഥമായിടത്ത് നിർത്തി പാചകവും ചെയ്യും. അമ്മ കൂടെയുള്ളതാണ് ഈ യാത്രയിൽ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആകാശ് പറയുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും യാത്രകൾ നടത്തണം എന്നതാണ് ആകാശിന്റെ ആഗ്രഹം.

Summary: 21 year old native of Kunnamangalam traveled around Kerala in a bicycle caravan with his mother