ആധാരത്തിന്‍റെ പകര്‍പ്പ് എടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങി; കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ കയ്യോടെപൊക്കി വിജിലൻസ്


കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഷറഫുദ്ദീനാണ് പിടിയിലായത്. ആധാരത്തിന്‍റെ പകര്‍പ്പ് എടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയാണ് ഷറഫുദ്ദീൻ വിജിലൻസിന്റെ പിടിയിലായത്. കൂടരഞ്ഞി സ്വദേശിയാണ് അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്‍റ് ഷറഫുദ്ദീന്‍.

കണ്ണൂര്‍ ജില്ലയിലെ ശിവപുരം സ്വദേശിയായ ഹാരിസില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ആധാരത്തിന്റെ പകര്‍പ്പിനായി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ മാസം 17 -ാം തീയതി ഇയാള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പകര്‍പ്പ് ചൊവ്വാഴ്ച നല്‍കാമെന്നും വേഗത്തില്‍ തിരഞ്ഞെടുത്ത് കൊടുത്തതിന് പതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സ് ഉത്തരമേഖലാ എസ്.പിയെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ അപേക്ഷകൻ കൈക്കൂലിയുമായി ഓഫീസില്‍ എത്തുകയായിരുന്നു. ഈ സമയം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷറഫുദ്ദീനെ കയ്യോടെ പൊക്കി. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിജിലന്‍സ് സംഘത്തില്‍ എസ്.പി സജീവന്‍, ഡി.എസ്.പി ഷാജി വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ശിവപ്രസാദ്, എസ്.ഐമാരായ സുനില്‍, പ്രദീപന്‍, ജയരാജന്‍ പോലീസ് ഉദ്യോഗസ്ഥരായ അര്‍ഷാദ്, ഷൈജുകുമാര്‍, ഷാബു എന്നിവരാണുണ്ടായിരുന്നത്

Summary: kozhikode register office assistand arrested by vigilance