അവരും സുരക്ഷിതരായി വേണം യാത്ര ചെയ്യാന്‍; കുട്ടികള്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് കേരള പൊലീസ്
കോഴിക്കോട്: ഇരുചക്ര വാഹന യാത്രകളിലും കാര്‍ യാത്രകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. യാത്രക്കാരായ കുട്ടികള്‍ക്കും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെയും കൊണ്ട് പോകുന്ന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
2019 ല്‍ ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വാഹന നിയമപ്രകാരം നാല് വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാളും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് പൊലീസ് പറയുന്നു. അതിനാല്‍ ബൈക്കില്‍ കൊണ്ടുപോകുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ ഹെല്‍മെറ്റ് വാങ്ങുകയും യാത്രകളില്‍ ഹെല്‍മെറ്റ് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും വേണം.
കാറിലാണെങ്കില്‍ പതിനാല് വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണം. അതിന് താഴെ പ്രായമുള്ള കുട്ടികള്‍ ശരീരവലിപ്പമനുസരിച്ച് സീറ്റ് ബെല്‍റ്റോ ചെല്‍ഡ് റീസ്ട്രെയിന്റ് സിസ്റ്റമോ ഉപയോഗിക്കണം. കൂടാതെ സ്വന്തം ശരീരത്തിനും കാറിന്റെ സ്റ്റിയറിങ്ങിനും ഇടയില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യാന്‍ പാടില്ലെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക.
കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുക. സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തുന്ന അത്യന്തം അപകടം നിറഞ്ഞ പ്രവർത്തി ഒഴിവാക്കുക. കഴിയുന്നതും കുട്ടികളെ പുറകിലെ സീറ്റിൽ ഇരുത്തുക, മടിയിൽ ഇരുത്തിക്കൊണ്ട് യാത്ര കഴിയുന്നതും ഒഴിവാക്കണം മുൻ സീറ്റിൽ പ്രത്യേകിച്ചും. കുട്ടികൾ ഉള്ളപ്പോൾ ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കുക. ഡോർ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി (വലത് കൈ കൊണ്ട് ഇടത് ഡോർ തുറക്കുന്ന രീതി) പരിശീലിപ്പിക്കുന്നത് ഉചിതമായിരിക്കും . വാഹനം നിർത്തിയിടുമ്പോൾ എൻജിൻ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക. ഇതുമൂലം കുട്ടികൾ ആക്സിലറേറ്ററിൽ അറിയാതെ തിരിച്ചും ഗിയർ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.
18 വയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോർ വാഹന നിയമത്തിൽ ഏറ്റവും കഠിനമായ ശിക്ഷാവിധികൾ പ്രായപൂർത്തിയായാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം. 2019 -ൽ പുതുതായി 199(A) വകുപ്പ് കൂട്ടി ചേർക്കുക വഴി ജുവനൈൽ ആയ കുട്ടികൾ വാഹനം ഓടിക്കുന്നത് ഇപ്പോൾ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്റെ രജിസ്ട്രേഷനും രക്ഷിതാവിന്റെ ലൈസൻസും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസൻസിന് അപേക്ഷിക്കാനും കഴിയൂ.