അഴിയൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്നിനടിമപ്പെടുത്തി ക്യാരിയറായി ഉപയോഗിച്ച സംഭവം; ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറില്‍ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി, അടിയന്തര അന്വേഷണത്തിന് ഉത്തരവ്
വടകര: അഴിയൂരില്‍ പതിമൂന്ന് വയസുകാരിയെ മയക്കുമരുന്നിന് അടിമയാക്കുകയും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം.ബി.രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും എക്സൈസ് വകുപ്പ് ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ദിവസം പുറത്തുവന്ന അഴിയൂര്‍ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കുള്ള ലഹരിയുടെ ഭീതിജനകമായ കടന്നുകയറ്റത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതാണ്. കബഡി ടീമംഗവും എസ്.പി.സി കേഡറ്റുമായ കുട്ടിയെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാമെന്ന് പറഞ്ഞാണ് മയക്കുമരുന്ന് അടങ്ങിയ ബിസ്‌കറ്റ് നൽകി മയക്കുമരുന്ന് വലയിലാക്കിയത്. പിന്നീട് ഇഞ്ചക്ഷനായും പൊടിയായുമൊക്കെ മാരകമായ രാസലഹരിക്ക് കുട്ടിയെ അടിമപ്പെടുത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് ഇതിനുപിന്നിലെന്നും തന്നെപ്പോലെ വേറെയും ഒരുപാട് കുട്ടി വെളിപ്പെടുത്തിയിരുന്നു.
മയക്കുമരുന്ന് നൽകുകയും മയക്കു മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യനായി പൊലീസ് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. തെളിവില്ലാത്തതിനാലാണ് യുവാവിനെ വിട്ടയച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നാണ് മനസ്സിലാക്കുന്നതെന്നും പൊലീസ് പറഞ്ഞു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സംഭവത്തിൽ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്.