അകലാപ്പുഴയിലെ ജലയാത്ര ഇനി വേറെ ലെവല്‍; സഞ്ചാരികള്‍ക്കായി അകലാപ്പുഴയില്‍ ശിക്കാര ബോട്ടുകളും
കൊയിലാണ്ടി: പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്ക്കുന്ന അകലാപ്പുഴയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചാ വിരുന്നൊരുക്കാന്‍ ശിക്കാര ബോട്ടുകളും. നാലുവശവും തുറന്നിട്ടുള്ള ശിക്കാര ബോട്ടുകളില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം. ഒരേ സമയം പത്തുപേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാര ബോട്ടിന്റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍ തുടങ്ങുക.
നിലവില്‍ പത്തുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ശിക്കാര ബോട്ട് സര്വ്വീസാണുള്ളതെങ്കിലും 60 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ശിക്കാര ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആലപ്പുഴയില്‍നിന്നെത്തിയ വിദഗ്ധ തൊഴിലാളികളാണ് ശിക്കാര ബോട്ടുകള്‍ നിര്‍മിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഈ ബോട്ടിലും ജല യാത്ര നടത്താന്‍ കഴിയും.
നാലുവശവും തുറന്നിട്ടുള്ളതായതിനാല് ശിക്കാര ബോട്ടിലുള്ള യാത്രയിലൂടെ പുഴയുടെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയും. ചാരിക്കിടന്നും ഇരുന്നും പുഴയുടെ സൗന്ദര്യം ആസ്വദിക്കാം. പനയോലകൊണ്ടാണ് ശിക്കാര ബോട്ടിന്റെ മേലാപ്പു നിര്‍മ്മിച്ചിരിക്കുന്നത്.
അറുപത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ട് സര്‍വ്വീസ് ആരംഭിച്ചാല്‍ ചെറു മീറ്റിങ്ങുകളും ജന്മദിനാഘോഷങ്ങള് പോലുള്ള പരിപാടികളും നടത്താം.
ദേശീയപാതയില്‍ തിക്കോടി ടൗണില്‍നിന്ന് നാല് കിലോമീറ്റര്‍ കിഴക്കായി കിടഞ്ഞികുന്നിന്റെ താഴ്വരയിലുള്ള പുഴയോരത്തെ ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധിപേരാണ് എത്തുന്നത്. മലനിരകളും ഗോവിന്ദമേനോന് കെട്ടും പുഴക്ക് നടുവിലായുള്ള തുരുത്തും സുന്ദര കാഴ്ചകള്‍ സമ്മാനിക്കുന്നു.
തീരങ്ങളിലുടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടല്‍ കാടുകളും ഇടതൂര്‍ന്ന് വളര്ന്നുനില്ക്കുന്ന ഇവിടെ കൈ തോടുകളും തുരുത്തും നാട്ടുമീനുകളും കൊതുമ്പുവള്ളങ്ങളുമുണ്ട്. കുട്ടനാടിന്റെ അതേ ഗ്രാമഭംഗിയാണ് ഇവിടെയും. അകലാപ്പുഴയും പുഴയുടെ നടുവിലെ തുരുത്തും വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. കിടഞ്ഞിക്കുന്നിന്റെ താഴ്വരയില് പ്രകൃതി അനുഗ്രഹിച്ചു നല്കിയ വിസ്തൃതമായ കായല്‍പരപ്പാണ് അകലാപ്പുഴ. ഇവയെല്ലാം വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കും.
ബോട്ടിംഗ് നടത്തി പുഴയോരത്തെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. നിലവില്‍ രണ്ടുപേര്‍ക്കും അഞ്ചുപേര്‍ക്കും യാത്രചെയ്യാന്‍ പറ്റുന്ന പെഡല്‍ ബോട്ടുകളും, വാട്ടര്‍സൈക്കിള്‍, റോയിങ് ബോട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സഞ്ചാരികളുടെ സുരക്ഷക്ക് ലൈഫ് ബോട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയ സുരക്ഷാ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.