സമൂഹികമാധ്യമത്തിലെ പരിചയംവെച്ച് യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി; മര്‍ദ്ദിച്ച് നഗ്‌നവീഡിയോ പകര്‍ത്തി പണം തട്ടി; പന്തീരാങ്കാവില്‍ രണ്ടു പേര്‍ അറസ്റ്റില്‍


പന്തീരാങ്കാവ്: യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്‌നവീഡിയോ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി. പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹകമാധ്യമം വഴി പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാത്രി ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 8500 രൂപയ്ക്ക് പുറമെ 1500 രൂപ ഗൂഗിള്‍പേ വഴിയും തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

പന്തീരാങ്കാവ് പോലീസ് ബുധനാഴ്ച രാവിലെ ഫ്‌ളാറ്റിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ. ജോസ്, സബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസ്, എസ്.സി.പി.ഒ.മാരായ രൂപേഷ്, ഷീന ജോര്‍ജ്, സി.പി.ഒ.മാരായ എം. രഞ്ജിത്ത്, രാജേഷ്, അബ്ദുള്‍ റഷീദ് തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്. പ്രതി ഫൈജാസ് നേരത്തേ തിരുവനന്തപുരത്ത് ആയുധം കൈവശം വെച്ച കേസിലെ പ്രതിയാണ്.

[vote]