വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ഒരു കുട്ടിയെക്കൂടി കണ്ടെത്തി; കണ്ടെത്താനുളളത് നാലുപേരെ


കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ
ഒരു കൂട്ടിയെക്കൂടി കണ്ടെത്തി. മൈസൂരിനടുത്ത് മാണ്ടിയയില്‍വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരികെവരികയായിരുന്നു പെണ്‍കുട്ടിയെന്നാണ് സൂചന.

ഇതോടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്തി. നാലുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. വനിതാ പൊലീസ് അടക്കമുള്ള സംഘം പെണ്‍കുട്ടിയെ കണ്ടെത്താനായി ബംഗളുരുവിലുണ്ട്. കണ്ടെത്തിയ കുട്ടികളെ കോഴിക്കോട്ടേക്ക് എത്തിക്കാനായി പൊലീസിന്റെ ഒരു സംഘം കൂടി ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.

ഈ കുട്ടികളുടെ കയ്യില്‍ പൈസയില്ല. വഴിയില്‍ കണ്ടെത്തിയ ഒരാളില്‍ നിന്നും പണം വാങ്ങുകയും പിന്നീട് സുഹൃത്തിനോടു പറഞ്ഞ് അയാള്‍ക്ക് ഗൂഗിള്‍ പേ വഴി ആ പണം തിരിച്ചുകൊടുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ബംഗളുരുവില്‍ നിന്നാണ് ഇന്നലെ ഒരു കുട്ടിയെ കണ്ടെത്തിയത്. മടിവാളയിലെ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ മുറി എടുക്കാനായി എത്തിയ ഇവരെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും അഞ്ചുപേര്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തതിനുശേഷം വൈകുന്നേരം നാലുമണിയോടെയാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ടത്. കാണാതായ ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.