വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറുപേരെയും കണ്ടെത്തി; നാലുപേരെ കിട്ടിയത് എടക്കരയില്‍ നിന്ന്


കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്നലെയും ഇന്ന് രാവിലെയുമായി രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റു നാല് പെണ്‍കുട്ടികളെയും കണ്ടെത്തിയത്.

മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബംഗളുരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് വിവരം.

ബംഗളുരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തിയത് എന്നാണ് വിവരം. എടക്കര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍ കോഴിക്കോട്ട് എത്തിക്കും.

ബംഗളുരുവില്‍ നിന്നാണ് ഇന്നലെ ഒരു കുട്ടിയെ കണ്ടെത്തിയത്. മടിവാളയിലെ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ മുറി എടുക്കാനായി എത്തിയ ഇവരെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും അഞ്ചുപേര്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൈസൂരുവില്‍ നിന്നാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തതിനുശേഷം വൈകുന്നേരം നാലുമണിയോടെയാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തുപോയത്. കാണാതായ ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.