വിശന്നിരിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം; സാമൂഹ്യ അടുക്കളയുമായി കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍


കൊയിലാണ്ടി: വിശക്കുന്നവര്‍ക്ക് കരുത്തേകാന്‍ സാമൂഹ്യ അടുക്കളയുമായി കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു). താലൂക്കിന് കീഴിലെ മൂന്ന് സ്ഥലങ്ങളിലാണ് ടോക്കണ്‍ നല്‍കി സൗജന്യ ഭക്ഷണമൊരുക്കുന്നത്. കൊയിലാണ്ടിയിലെ സാമൂഹ്യ അടുക്കളയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ കെ.ദാസന്‍ നിര്‍വ്വഹിച്ചു.

കൊയിലാണ്ടിക്കു പുറമേ പേരാമ്പ്ര, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് സാമൂഹ്യ അടുക്കള ഒരുക്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അതത് സ്ഥലങ്ങളില്‍ നിയോഗിക്കപ്പെട്ടവരെ ബന്ധപ്പെട്ട് ടോക്കണ്‍ വാങ്ങി നിശ്ചയിച്ചിരിക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലില്‍ നിന്ന് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുമെന്ന് കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍ സെക്രട്ടറി എം.എ ഷാജി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഹോട്ടലില്‍ എത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണം വീടുകളിലെത്തിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭക്ഷണത്തിനായി ബന്ധപ്പേടേണ്ടവരുടെ നമ്പറുകള്‍

കൊയിലാണ്ടി: എം.എ ഷാജി 94962176 92
പേരാമ്പ്ര : എ.സി പ്രകാശന്‍ – 9645 4306 83
ബാലുശ്ശേരി: ആര്‍.കെ മനോജ് – 9061 0940 90

യൂനിയന്‍ സെക്രട്ടറി എം.എം ഷാജി, സി.ഐ.ടി.യു.ഏരിയാ പ്രസിഡന്റ് എം പത്മനാഭന്‍ ,യൂനിയന്‍ വൈസ് പ്രസിഡന്റ് ടി.എം.നാരായണന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ലളിത, പി.ടി. മനോജ് എന്നിവര്‍ സംസാരിച്ചു.