വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ; ദുരൂഹതകളുയർത്തി മലപ്പുറം സ്വദേശിനിയുടെ മരണം


മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ നവവധു മരിച്ച നിലയിൽ . മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. 26 വയസായിരുന്നു. കോഴിക്കോട്ടു സ്വദേശിയാണ് വിവാഹം ചെയ്തത്.

വിവാഹ ശേഷം ആദ്യമായി വീട്ടിലെത്തിയതിനു പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ആദ്യമായി സ്വന്തം വീട്ടിലേക്കു പോയതിനു പിന്നാലെയാണ് കാണാതായത്.

ഇന്നലെ വൈകീട്ട് വീട്ടിൽ നിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ എന്ന് പറഞ്ഞാണ് ആര്യ പുറത്തേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടര്‍ന്ന് പുഴയില്‍ ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരില്‍നിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു.

 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.