വികസനത്തിനൊരുങ്ങി കൊല്ലം, നെല്യാടി, മേപ്പയ്യൂര്‍ റോഡ്; ഭൂമി ഏറ്റെടുക്കാന്‍ അനുമതി


കൊയിലാണ്ടി: ഗതാഗത കുരുക്ക് സ്ഥിരം പ്രശ്നമായ കൊല്ലം,നെല്യാടി,മേപ്പയ്യൂര്‍ റോഡ് വികസനത്തിനൊരുങ്ങുന്നു. വീതി കുറവ്, വളവ്, കയറ്റിയിറക്കങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ റോഡ് വികസനം. 9.8 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നവീകരണ പ്രവൃത്തി നടത്തുക.

ഗതാഗത കുരുക്ക് മൂലം ഇവിടുത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇടുങ്ങിയ വഴിയും റെയിൽവേ ഗേറ്റും ആയിരുന്നു ഗതാഗത കുരുക്കിലെ പ്രധാന വില്ലന്മാർ. റോഡ് വികസനത്തോടെ ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.

കേരളാ റോഡ് ഫണ്ട് ബോർഡിൻറെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തികൾ നടക്കുക. ഇതിനായി 38.98.57866 കോടി രൂപയാണ് വകയിരുത്തിയത്. വിയ്യൂര്‍,കീഴരിയൂര്‍,കൊഴുക്കല്ലൂര്‍,മേപ്പയ്യൂര്‍ എന്നി നാലു വില്ലേജുകളിലെ മൊത്തം 16555 ഹെക്ടര്‍ ഭൂമിനവീകരണത്തിനായി വേണ്ടി വരുക എന്നാണ് കണക്കുകൂട്ടൽ.

ദേശീയ പാതയില്‍ നിന്ന് കൊല്ലം അങ്ങാടിയില്‍ നിന്നാണ് മേപ്പയ്യൂര്‍ റോഡിലേക്ക് കടക്കുക. കൊല്ലം അങ്ങാടി തന്നെ വീതി കുറഞ്ഞ ഇടമായതിനാൽ ഗതാഗത കുരുക്കുണ്ടാകും. അതിനോടൊപ്പം കൊല്ലം റെയില്‍വേ ഗെയിറ്റ് കൂടി അടയ്ക്കുന്നതോടെ പ്രശ്നം രൂക്ഷമാകും.

കൊല്ലം മുതല്‍ നെല്യാടിക്കടവ് വരെയുളള ഭാഗത്ത് റോഡില്‍ വളവും തിരിവുമാണ്. വീതിയുമില്ല. കീഴരിയൂര്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കല്ലങ്കി കയറ്റമാണ് ഇതിൽ ഏറ്റവും ദുഷ്കരം. അപകട സാധ്യത മേഖലകളും ഇതിലുണ്ട്. വടേകൊടക്കാട്ട് താഴെ വളവ് അപകടങ്ങൾക്കു കാരണമാവുന്നു. ഈ വളവും നിവർത്താനുള്ള നടപടിയും അത്യന്താപേക്ഷിതമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുവാനും കൊല്ലം മേപ്പയ്യൂര്‍ റോഡിനെ തന്നെ ആശ്രയിക്കണം. കൊല്ലം നെല്യാടി റോഡില്‍ അണ്ടര്‍പാസ് ബൈപ്പാസിനടിയിലൂടെ നിർമ്മിക്കാനാണ് പദ്ധതി.

കൊല്ലം റെയില്‍വേ ഗെയിറ്റ് പൂർണ്ണമായും ഒഴിവാക്കി മേല്‍പ്പാലം പണിയാനുള്ള പദ്ധതികളുമുണ്ടായിരുന്നു. അതിനായി കിഫ്ബിയില്‍ നിന്ന് ധനകാര്യനുമതി ലഭിച്ചിരുന്നു. 29 കോടി രൂപയായിരുന്നു അനുവദിച്ചു കിട്ടിയത്. എന്നാല്‍ അതിവേഗ പാത വരുന്നതിൽ ഒരു തീരുമാനമുണ്ടാവാത്തതിനാൽ കൊല്ലം മേല്‍പ്പാലത്തിന്റെ ആസൂത്രിത പദ്ധതി മാറ്റേണ്ടി വരും.