വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐയെ കടന്നുപിടിച്ചു; യുവാവിനെ പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി എസ്.ഐ


കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ വനിതാ എസ്.ഐയെയെ കടന്നുപിടിച്ച യുവാവിനെ എസ്.ഐ. പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ വന്ന ഷെറില്‍ റോഡില്‍ പൊലീസ് സംഘം നില്‍ക്കുന്നത് കണ്ട് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്.ഐയുടെ സമീപത്ത് എത്തുകയും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയുമായിരുന്നു.

തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ്.ഐ.യും സംഘവും ജീപ്പില്‍ ഷെറിലിനെ പിന്തുടര്‍ന്നു. ഒരുകിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ബൈക്കിന് കുറുകെ ജീപ്പ് നിര്‍ത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.