‘രണ്ട് ദിവസത്തിനകം ഒഴിഞ്ഞു പോകണം, അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കും’; തിക്കോടിയിലെ സുനാമി പുനരധിവാസ ക്വാര്‍ട്ടേഴ്‌സില്‍ മുന്നറിയിപ്പുമായി വീണ്ടും ഉദ്യോഗസ്ഥരെത്തി


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ സുനാമി പുനരധിവാസ ക്വാര്‍ട്ടേഴ്‌സില്‍ വീണ്ടും ഉദ്യോഗസ്ഥരെത്തി. രണ്ട് ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന മുന്നറിയിപ്പ് നല്‍കാനായാണ് തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ വ്യാഴാഴ്ചത്തെ പോലെ പൊലീസിനൊപ്പമല്ല ഉദ്യോഗസ്ഥര്‍ ഇത്തവണ എത്തിയത്.

രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.റംല, ഗ്രാമപഞ്ചായത്ത് അംഗം വി.കെ.അബ്ദുള്‍ മജീദ്, മുന്‍ പഞ്ചായത്ത് അംഗം എ.വി.സുഹറ എന്നിവര്‍ സ്ഥലത്തെത്തി. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥര്‍ തിടുക്കപ്പെട്ട് തിരിച്ച് പോയി. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടികള്‍ നല്‍കിയില്ലെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു.

അർഹരായ പലരും നിൽക്കുമ്പോഴാണ് അനർഹരായവർക്കു വീടുകൾ നൽകിയത്. ഇതിനെതിരെ നടപടികാലും പ്രതിഷേധങ്ങളും കുറച്ചു കാലമായി നടക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.

തിക്കോടി പഞ്ചായത്ത് കേന്ദ്രികരിച്ച് ഇരുപതോളം വീടുകൾ ആണ് പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ചത്. വി.എസ് അച്യുതാനന്ദൻ മന്ത്രി സഭയുടെ കാലഘട്ടത്തിലാണ് താക്കോൽ കൈമാറിയത്. എന്നാൽ ഇതിലെ നാലു വീടുകളിൽ അനർഹർ താമസിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. ഇത് കൂടാതെ രണ്ടു വീടുകളിൽ ആൾതാമസമില്ലായെന്നും നാട്ടുകാർ പറയുന്നു. വീടില്ലാത്ത അർഹരായ ആറു കുടുംബങ്ങൾക്കുള്ള അവസരമാണ് ഈ പ്രവർത്തിയിലൂടെ നഷ്ടപ്പെടുത്തിയത്.

 

ഈ അക്രമത്തിനെതിരെ കലക്ടറിന് പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വില്ലേജ് ഓഫീസർ അന്വേഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ഏറ്റെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി അവിടെ അനർഹരാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ട് തയ്യാറാക്കപ്പെടുകയുണ്ടായി.

ഡിസംബർ പതിനാലാം തിയതി കളക്ടറേറ്റിൽ യോഗം കൂടുകയും ഉടനടി ഇവരെ ഒഴിപ്പിക്കണമെന്ന് ഉത്തരവ് നൽകി. കഴിഞ്ഞ മാസം ആറാം തിയതി എല്ലാ വീട്ടുകാർക്കും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം ഒഴിപ്പിക്കണമെന്ന് ഓർഡർ നൽകുകയായിരുന്നു.

വീട് ഒഴിവാനായി പലവട്ടത്തെ പറഞ്ഞതാണെന്നും പെട്ടെന്നുള്ള നടപടിയല്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. നടപടികൾ കൃത്യമായി തന്നെ നടക്കുമെന്നും വില്ലജ് ഓഫീസർ ദിനേശൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘രണ്ടു വീട്ടുകാർ വീടൊഴിഞ്ഞ് നൽകി, ഇനിയുള്ള കുടുംബം വീടൊഴിയാൻ വിമുഖത കാട്ടുന്നുണ്ടെന്നും അതിനെതിരെയുള്ള നടപടികൾ ഉടൻ തന്നെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ താമസിക്കുന്ന പലരും പണം മുടക്കി വീട് മോഡി പിടിപ്പിച്ചിരുന്നു. പന്ത്രണ്ടു വര്ഷത്തോളമായി ഇവിടെ താമസിച്ചിട്ടു ഇറങ്ങി കൊടുക്കാൻ പറയുമ്പോൾ അതിനിയും അംഗീകരിക്കാൻ ആ വീട്ടുകാർക്ക് സാധിച്ചിട്ടില്ല. തിങ്കളാഴ്ചയോടെ വീട് ഒഴിയണമെന്നാണ് കർശന നിർദ്ദേശം.