മേപ്പയ്യൂരിലെ മലഞ്ചരയ്ക്ക് കടയില്‍ നിന്നും പണവും ചരക്കും മോഷ്ടിച്ച പ്രതി പിടിയില്‍; പ്രതിയെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിലെ വിവിധയിടങ്ങളിലും മങ്ങോട്ടുമ്മല്‍ പരദേവതാക്ഷേത്ര ഭണ്ഡാരത്തിലും മോഷണം നടത്തിയ പ്രതി പിടിയില്‍. അവിടനല്ലൂര്‍ സ്വദേശിയായ സതീശന്‍ ആണ് പിടിയിലായത്. കൂരാച്ചുണ്ട് വെച്ചാണ് സർക്കിൾ ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണന്റെ നിര്‍ദേശ പ്രകാരം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍ മാസം ആദ്യം മേപ്പയ്യൂര്‍ ടൗണില്‍ മലഞ്ചരക്ക് കടയില്‍ നിന്നും പതിനായിരം രൂപയുടെ കൊട്ടടയ്ക്കയും മൂവായിരം രൂപയും ഇയാള്‍ മോഷ്ടിച്ചിരുന്നു. കൂടാതെ മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതാക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്. എസ്.ഐ മാരായ പ്രശോഭ്, പ്രകാശന്‍, വിജയന്‍, എസ്.സി.പി.ഒ സജീവന്‍ നമ്പ്യാട്ടില്‍, എസ്.സി.പി.ഒ ജോതേഷ്, സി.പി.ഒ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. മേപ്പയ്യൂര്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ കേസാണിത്. പ്രതിയെ പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു.[vote]