മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ സ്വദേശി രാജീവന്റെ മൃതദേഹം സംസ്‌ക്കരിച്ചു


കീഴരിയൂര്‍: മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ മൂശാരിക്കണ്ടി രാജീവന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചത്. ഇന്നലെ വൈകീട്ടാണ് മൂശാരിക്കണ്ടി രാജീവന്റെ മൃതദഹേം മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തോളമായി രാജീവനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രാജിവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് രാജീവന്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രാജീവനെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മുത്താമ്പി പുഴയില്‍ ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മുപ്പത്തിയാറുകാരനായ രാജീവന്‍ വാര്‍പ്പിന്റെ പണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. രാജിവനും അമ്മ രാധയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവാവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.