മുചുകുന്ന് ഊരാളുകുന്നുമ്മല്‍ ജമാഅത്ത് പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിക്കവെ കള്ളന്‍ പിടിയില്‍; പിടിയിലായത് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെ മോഷണത്തിന് തൊട്ടുപിന്നാലെ


മുചുകുന്ന്: മുചുകുന്ന് ഊരാളുകുന്നുമ്മല്‍ ജമാഅത്ത് പള്ളിയില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ യുവാവ് പിടിയില്‍. വടകര താഴയങ്ങാടി സ്വദേശി നൗഷാദ് എന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. അയാള്‍ പള്ളിയുടെ പിറകുഭാഗത്തുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട് സ്വദേശി മുരുകനാണ് രക്ഷപ്പെട്ടതെന്നാണ് പിടിയിലായയാള്‍ പറഞ്ഞത്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നത് പള്ളിയിലെ മുസലിയാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹം അടുത്തുള്ളവരെ വിവരം അറിയുക്കുകയായിരുന്നു. മുചുകുന്നിലെ കോട്ടയില്‍ കോവിലകം ക്ഷേത്രത്തില്‍ മോഷണം നടത്തിയശേഷമാണ് പള്ളിയില്‍ എത്തിയത്. കോട്ടയില്‍ ക്ഷേത്രത്തിലെ റോഡരികിലുള്ള ഭണ്ഡാരവും കോവിലകം ക്ഷേത്രത്തിലെ ഭണ്ഡാരവുമാണ് ഇവര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ മറ്റൊരു ഭണ്ഡാരത്തിന്റെ കൂടി പൂട്ട് പൊളിക്കാന്‍ ശ്രമിച്ചതായി കോട്ടയില്‍ കോവിലകം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മൂവായിരത്തോളം രൂപ രണ്ട് ഭണ്ഡാരങ്ങളില്‍ നിന്നുമായി നഷ്ടമായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

പിടികൂടിയ സമയത്ത് മോഷ്ടാവിന്റെ പക്കല്‍ നിന്ന് പണം കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിയെ നാട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോകൂവെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.