ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം മൂന്നുമാസത്തിനകം, ഉള്ളൂര്‍ക്കടവ് പാലം നിര്‍മ്മാണം ഊര്‍ജ്ജിതമാക്കുമെന്ന് എം.എല്‍.എമാരുടെ യോഗത്തില്‍ തീരുമാനം


കൊയിലാണ്ടി: കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം നിര്‍മ്മാണം തടസ്സങ്ങളില്ലാതെ ത്വരതപ്പെടുത്തുമെന്ന് എം.എല്‍.എമാരുടെ യോഗത്തില്‍ തീരുമാനം. പാലം നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടികവേഗത്തിലാക്കും. കാനത്തില്‍ ജമീല എം.എല്‍.എ, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ വടകര ആര്‍.ഡി.ഒ വിളിച്ചു ചേര്‍ത്ത ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

പാലം നിര്‍മാണത്തിന് മുന്‍കൂറായി ഭൂമി വിട്ടു നല്‍കിയ ഭൂവുടമകള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന നഷ്ടപരിഹാര തുക ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ യോഗത്തില്‍ വിശദമാക്കി. നേരെത്തെ പൊതുമരാമത്ത് പാലം വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ തുക വില നിര്‍ണ്ണയത്തിന് ശേഷം നഷ്ടപരിഹാരമായി നല്‍കേണ്ടതുണ്ട്. അധികമായി വേണ്ട തുകയ്ക്ക് കൂടി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി മൂന്ന് മാസത്തിനുള്ളില്‍ തന്നെ നഷ്ടപരിഹാര തുക വിതരണം ചെയ്യും. 2021 ഫെബ്രുവരി മാസം ആരംഭിച്ച പാലം നിര്‍മ്മാണത്തില്‍ നിലവില്‍ പുഴയിലെ തൂണുകളുടെ പൈലിംഗ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇരു കരകളിലേക്കുമുള്ള പൈലിംഗ് ജോലികള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കും.

യോഗത്തില്‍ എം.എല്‍.എ മാരെ കൂടാതെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ഇരു ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളായ പി.വേണു മാസ്റ്റര്‍, ബേബിസുന്ദര്‍രാജ്, ടി.എം.ശിവന്‍, മജീദ്, വടകര ആര്‍.ഡി.ഒ ബിജു.സി, ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുരളീധരന്‍, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.വി.ഷിനി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അമല്‍ജിത്ത്.വി, പാലം നിര്‍മാണ കമ്മറ്റി പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യോഗശേഷം എം.എല്‍.എ മാരും ഉദ്യോഗസ്ഥരും നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്ന സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.