പൊന്നുമക്കളെ രക്ഷിക്കാന്‍ 80 ലക്ഷം വേണം, തലാസീമിയ രോഗം ബാധിച്ച കായണ്ണയിലെ സഹോദരങ്ങളുടെ ചികിത്സയ്ക്കായി നമുക്ക് കൈകോര്‍ക്കാം


കായണ്ണബസാര്‍ : കായണ്ണ മാട്ടനോട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഷഹല്‍ഷാ (11) യും സഹോദരി ആയിഷാ തന്‍ഹ (7) യും ജീവനുവേണ്ടി പൊരുതുകയാണ്. പൊന്നുമക്കളെ രക്ഷിക്കാന്‍ എങ്ങനെ 80 ലക്ഷം രൂപയുണ്ടാക്കുമെന്ന ആശങ്കയില്‍ ഉള്ളുരുകി കഴിയുകയാണ് മാട്ടനോട്-പള്ളിമുക്ക് സ്വദേശി ഷമീറും മുബീനയും. രണ്ട് മക്കളെയും ബാധിച്ച ഗുരുതരമായ തലാസീമിയ രോഗത്തെ മറികടക്കാന്‍ സുമനസ്സുകളുടെ കനിവുതേടുകയാണ് ഇവര്‍.

കഴിഞ്ഞ ആറുവര്‍ഷമായി രക്താണുക്കളെ ബാധിക്കുന്ന ജനിതകരോഗത്തിന് ചികിത്സ തേടുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 ലക്ഷം രൂപയും അനുബന്ധ ചെലവുകളും ചികിത്സയ്ക്കായി വരുമെന്നാണ് കരുതുന്നത്.

കഠിനമായ വിളര്‍ച്ച, മഞ്ഞപ്പിത്തം, അസ്ഥികളുടെ വൈകല്യം തുടങ്ങിയവ ഈ രോഗാവസ്ഥ മൂലമുണ്ടാകുന്നു. മജ്ജ മാറ്റിവെച്ചാല്‍ തങ്ങളുടെ മക്കള്‍ സാധാരണ അവസ്ഥയിലേക്ക് എത്തുമെന്ന് അറിഞ്ഞതിന്റെ ആശ്വാസം രക്ഷിതാക്കള്‍ക്കുണ്ട്. എന്നാല്‍ ഭീമമായ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഷമീറും കുടുംബവും. മാട്ടനോട് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് മക്കളുടേയും ഇതുവരെ നടത്തിയ ചികിത്സാ ചെലവുകളാല്‍തന്നെ ഈ നിര്‍ധനകുടുംബം സാമ്പത്തികമായി തകര്‍ന്നു.

ശസ്ത്രക്രിയയ്ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായും വാര്‍ഡ് മെമ്പര്‍ പി.സി. ബഷീര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍, പി.കെ. അബ്ദുസ്സലാം ചെയര്‍മാന്‍, അബ്ദുന്നാസര്‍ തൈക്കണ്ടി ജനറല്‍ കണ്‍വീനര്‍, ഷഹീര്‍മുഹമ്മദ് ആര്‍. വര്‍ക്കിങ് കണ്‍വീനര്‍, സി.കെ. അബ്ദുള്‍അസീസ് ട്രഷററുമായി കായണ്ണയില്‍ സാമൂഹ്യ സന്നദ്ധ സേവകരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. അക്കൗണ്ട് വിവരം-മുബീന കോറോത്ത്,

A/c No: 13230100139045
IFSC – FDRL 0001323

Google pay: 7510742274.