ഭര്‍ത്താവും കുടുംബവും കൂട്ടിനില്ലാതെ ഒരു ദീര്‍ഘയാത്ര; ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് കൊയിലാണ്ടി സ്വദേശി ഷഹാന നിസാര്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: ഒരുമാസം മുമ്പ് രാജസ്ഥാനിലേക്ക് നടത്തിയ ആ യാത്രയെക്കുറിച്ച് പറയുമ്പോള്‍ കൊയിലാണ്ടി പാലക്കുളം സ്വദേശി ഷഹാനയ്ക്ക് നൂറു നാവാണ്. ഒപ്പം വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ അളവില്ലാത്ത സന്തോഷവും. ‘മറ്റുള്ളവര്‍ക്ക് തോന്നും, ഈ യാത്രയെക്കുറിച്ച് ഇത്രയ്ക്ക് പറയാന്‍ മാത്രം എന്താണുള്ളതെന്ന്. എന്നെ സംബന്ധിച്ച് ഇത് എത്ര വലിയൊരു നേട്ടമാണെന്ന് പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല’ തീര്‍ത്തും അപരിചിതരായ പതിനാലോളം പേര്‍ക്കൊപ്പം ബന്ധുക്കളുടെയോ കുടുംബത്തിന്റെയോ കൂട്ടില്ലാതെ നടത്തിയ ആദ്യ യാത്രയെക്കുറിച്ച് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുകയാണ് പാലക്കുളം സ്വദേശി ഷഹാന നിസാര്‍.

ഏറെക്കാലമായി ഷഹാനയുടെ മനസിലുള്ള വലിയ സ്വപ്‌നമായൊരു ഒറ്റയ്ക്ക് ഒരു യാത്ര. ഭര്‍ത്താവും കുടുംബവുമൊന്നിച്ച് വര്‍ഷം ഒരുതവണയെങ്കിലും യാത്ര പോകാറുണ്ട്. പക്ഷേ തനിച്ചൊരു യാത്ര, അത് വലിയ ആഗ്രഹമായി മനസില്‍ കിടന്നു.

‘ട്രിപ്പ് കോര്‍ഡിനേറ്റര്‍ കൂടിയായ സുഹൃത്ത് സുഹൈല ഫര്‍മീസിനോട് അടുത്ത ട്രിപ്പ് പോകുമ്പോള്‍ എന്നെയും വിളിക്കണമേയെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ അവള്‍ വിളിക്കുമ്പോഴെല്ലാം ഞാന്‍ പലതരത്തിലുള്ള തടസങ്ങള്‍ക്കിടയിലായിരിക്കും. ഒടുക്കം രാജസ്ഥാന്‍ ട്രിപ്പിനെക്കുറിച്ച് അറിയിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് സമ്മതം മൂളി’ ഈ യാത്രയുടെ തുടക്കത്തെക്കുറിച്ച് ഷഹാന പറയുന്നു.

എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല വീട്ടുകാരുടെ സമ്മതം നേടിയെടുക്കല്‍. പത്തുവയസും നാലുവയസുമുള്ള രണ്ട് ആണ്‍കുട്ടികളുടെ ഉമ്മയാണ് ഷഹാന. അവരെക്കുറിച്ച് ആലോചിച്ചപ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. എന്തായാലും ഭര്‍ത്താവ് നിസാറിന്റെ സമ്മതം കിട്ടിയതോടെ ഷഹാനയ്ക്ക് അല്പം ധൈര്യമായി. പക്ഷേ ഉമ്മയെ സമ്മതിപ്പിക്കലായിരുന്നു വലിയ ടാസ്‌ക്. ഭര്‍തൃവീട്ടുകാരെയും തന്റെ വീട്ടുകാരെയും പറഞ്ഞ് ബോധ്യപ്പെടുത്തി നിസാര്‍ ഷഹാനയ്ക്ക് ഒപ്പം നിന്നതോടെ ആ യാത്രയ്ക്ക് വഴിയൊരുങ്ങി.

ഡിസംബര്‍ പതിനെട്ടിന് കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്. ചിലവ് ചുരുക്കിയ യാത്രയായതിനാല്‍ ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസിലായിരുന്നു യാത്ര. അതുവരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രം പരിചയമുണ്ടായിരുന്ന സഹയാത്രികരെ നേരില്‍ കണ്ടു. ‘ആ കൂട്ടത്തില്‍ ആര്‍ക്കും എന്റെയത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നില്ല. അവരില്‍ പലരും പലവട്ടം ഇത്തരം യാത്രകള്‍ നടത്തിയവരായിരുന്നു.

ഒരു മുന്‍പരിചയവുമില്ലാത്ത, പലമേഖലകളില്‍ നിന്നുവരുന്ന, പല സ്വഭാവത്തിലുള്ള ആളുകളുമായി ഒരു യാത്ര അതിന്റെ രസം അനുഭവിച്ചാല്‍ മാത്രമേ മനസിലാവൂ. തീര്‍ച്ചയായും അഭിപ്രായ ഭിന്നതകളും തര്‍ക്കവുമെല്ലാമുണ്ടാകും. ആ സാഹചര്യത്തിലും വളരെ മനോഹരമായി ആ രാജസ്ഥാന്‍ ദിനങ്ങള്‍ ചെലവഴിക്കാന്‍ കഴിഞ്ഞു.’ അവര്‍ പറയുന്നു.

രാജസ്ഥാനില്‍ മൗണ്ട് അബു റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തുടങ്ങി നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം കണ്ട് ഏതാണ്ട് രാജസ്ഥാന്റെ ഒട്ടുമുക്കാല്‍ ഭാഗവും കവര്‍ ചെയ്യുന്ന തരത്തിലുള്ള ട്രിപ്പായിരുന്നു അത്. ഡിസംബര്‍ 28ന് ബിക്കാനീറില്‍ നിന്നാണ് ഷഹാന കൊയിലാണ്ടിയിലേക്ക് തിരിക്കുന്നത്. രണ്ടുദിവസത്തിനുശേഷം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോള്‍ അതിരറ്റ സന്തോഷവും അഭിമാനവുമായിരുന്നു ഷഹാനയുടെ മനസു നിറയെ.

കുടുംബവും ബന്ധുക്കളുമില്ലാതെ ഒരു യാത്രയെന്ന മോഹത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചു സംസാരിച്ചിരുന്നു. പല സ്ത്രീകളും ഇതുപോലുള്ള ആഗ്രഹങ്ങളെ ഒരിക്കലും നടക്കാത്ത ആഗ്രഹം എന്ന് കരുതി മനസിന്റെ മൂലയിലേക്ക് മാറ്റിയവരാണെന്ന് അന്ന് മനസിലായെന്ന് ഷഹാന പറയുന്നു. ഇതുപോലുളള സ്വപ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു പ്രചോദനമാകട്ടെയെന്നു കരുതി തന്റെ അനുഭവങ്ങള്‍ വിശദമായി ഷഹാന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ഒരിക്കലും സാധിക്കില്ലയെന്നു കരുതിയ ഒന്ന് സാധിച്ചെടുത്തതിന്റെ നിര്‍വൃതിയിലാണ് ഷഹാനയിപ്പോള്‍. ഭര്‍ത്താവിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ തനിക്കും ഈ യാത്ര സഫലമാക്കാന്‍ കഴിയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ഇതുപോലെ ഇനിയൊരു യാത്രയുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ അതിന് സാധ്യത വളരെ കുറവാണെന്നും എങ്കിലും താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നുമാണ് ഷഹാന പറയുന്നത്.

വീഡിയോ കാണാം: