ബാലുശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് അജ്ഞാതന്‍ ആക്രമിച്ചു; ആക്രമണം നടന്നത് പുലര്‍ച്ചെ മൂന്നുമണിയോടെ- സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


ബാലുശേരി: നിര്‍ത്തിയിട്ടിരുന്ന ബസിനുനേരെ പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. ബാലുശേരി വാകയാട് സ്വദേശി അശ്വിന്റെ ബസിനേരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ ആക്രമണം നടന്നത്. ബസിന്റെ പിറകുവശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.

കാരാട്ട് പാറ- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രത്‌നേശ്വരിയെന്ന ബസാണ് ആക്രമിക്കപ്പെട്ടത്. പതിവുപോലെ സര്‍വീസിനുശേഷം പുളിക്കൂല്‍പാറയില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ നാലേ മുക്കാലോടെ ക്ലീനര്‍ സ്ഥലത്തെത്തിയപ്പോഴാണ് ഗ്ലാസ് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്.

സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്നുമണിയോടെ ഒരാള്‍ സ്ഥലത്തെത്തുന്നതും കല്ലുകള്‍ പെറുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയയാളാണ് ബസ് ആക്രമിച്ചതെന്ന് ബസുടമ അശ്വിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബാലുശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസിനു സമര്‍പ്പിക്കുമെന്ന് അശ്വിന്‍ അറിയിച്ചു. ബസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും അതുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്നും അശ്വിന്‍ പറഞ്ഞു.