ബംഗളുരുവിലെ വാഹനാപകടം; മരിച്ചവരില്‍ കാപ്പാട് സ്വദേശി മുഹമ്മദ് ഫാദിലും


കൊയിലാണ്ടി: ബംഗളുരുവില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ കാപ്പാട് സ്വദേശിയും. കാപ്പാട് മുണ്ട്യാടി റഹീമിന്റെ മകന്‍ മുഹമ്മദ് ഫാദിലാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്.

അമിതവേഗതയില്‍ വന്ന കണ്ടെയ്നര്‍ ലോറി ആദ്യം വാഗണര്‍ കാറിലും കാര്‍ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാര്‍ തൊട്ടുമുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. വാഗനര്‍ കാറിലുണ്ടായിരുന്ന നാലുപേരും അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

ഫാദിലിനെ കൂടാതെ ആദര്‍ശ്, കൊച്ചി സ്വദേശി ശില്‍പ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോറിക്കടിയില്‍പ്പെട്ട രണ്ടു കാറുകളും പൂര്‍ണമായി തകര്‍ന്നു. പാലക്കാട് സ്വദേശി അപര്‍ണയുടെ പേരിലുള്ളതാണ് വാഗണര്‍ കാര്‍.