പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തില്‍ വഴിപാട്


വടകര: മൂര്‍ഖന്‍ പാമ്പിനെ അശാസ്ത്രീയമായ രീതിയില്‍ സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി വടകര എടച്ചേരി കളിയാംവെള്ളി ക്ഷേത്രത്തില്‍ വഴിപാട്. വടകര താലൂക്കിലെ പ്രമുഖ ശാക്തേയ ക്ഷേത്രമാണ് കളിയാംവെള്ളി ഭഗവതി ക്ഷേത്രം.

ആരാണ് വാവ സുരേഷിന് വേണ്ടി വഴിപാടഡ് നടത്തിയത് എന്ന് വ്യക്തമല്ല. പുഷ്പാഞ്ജലി വഴിപാടാണ് വാവാ സുരേഷിന് വേണ്ടി ക്ഷേത്രത്തില്‍ നടത്തിയത്. ഇതിന്റെ റസീറ്റ് സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. വാവാ സുരേഷിനായി മണ്ണാറശാല നാഗക്ഷേത്രം ഉള്‍പ്പെടെയുള്ള നാഗക്ഷേത്രങ്ങളിലും മറ്റ് നിരവധി ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

വാവ സുരേഷ്

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. 24 മുതല്‍ 48 മണിക്കൂര്‍ സമയം വരെ വാവ സുരേഷ് ഐ.സി.യുവില്‍ തുടരും. വാവ സുരേഷ് ഡോക്ടര്‍മാരോടും മറ്റ് ആശുപത്രി ജീവനക്കാരോടും സംസാരിച്ചുവെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

വാവ സുരേഷിനെ അധികം വൈകാതെ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് നിരവധി അന്വേഷണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാന്‍ തീരുമാനിച്ചത്. ദിവസവും രാവിലെ 10 മണിക്കും വൈകീട്ട് ഏഴ് മണിക്കുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുക.