പരാജയങ്ങളെ ഒന്നായി നേരിട്ടവര്‍ വിജയത്തിലേക്കും ഒന്നിച്ചു ചുവടുവെച്ചു; എം.ബി.ബി.എസിന് പ്രവേശനം നേടി പുളിയഞ്ചേരി സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍


കൊയിലാണ്ടി: എം.ബി.ബി.എസിന് പ്രവേശനം നേടി പുളിയഞ്ചേരി സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍. മുണ്ട്യാടിക്കുനി ഹല്‍വാനി റഹീമിന്റെയും നസീമയുടെയും മക്കളായ മുഹമ്മദ് ഷമീലും ഷഹല ഷറിനുമാണ് ഒരുമിച്ച് എം.ബി.ബി.എസ് പ്രവേശനം നേടിയിരിക്കുന്നത്.

ആദ്യരണ്ട് ശ്രമങ്ങളും ഒരുമിച്ച് പരാജയപ്പെട്ട ഇവര്‍ മൂന്നാമത്തെ ശ്രമത്തിലാണ് ലക്ഷ്യം നേടിയിരിക്കുന്നത്. ആദ്യ ശ്രമം ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശിക്ഷണത്തിലായിരുന്നു. പിന്നീട് കൊയിലാണ്ടിയിലെ ഡോ. ജെപിഎസ് ക്ലാസിലെ ജിപിന്‍, ഷമീര്‍, രാജേഷ് എന്നിവരുടെയും മറ്റ് അധ്യാപകരുടെയും ശിക്ഷണത്തില്‍ പഠിച്ചാണ് ഇരുവരും ഈ വിജയം നേടിയെടുത്തത്.
തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് ഇരുവരും പ്ലസ് ടു പാസായത്.


വിജയകഥയറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി പുളിയഞ്ചേരിയിലെ വീട്ടിലെത്തുന്നത്. മുന്‍ എം.എല്‍.എ കെ. ദാസന്‍ ഇന്ന് വീട്ടിലെത്തി ഷമീലിനെയും ഷഹലയെയും അഭിനന്ദിച്ചു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഫോണിലൂടെ ഇരുവരെയും വിളിച്ച് അഭിനന്ദനം അറിയിച്ചു.