വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത് തോളത്തിട്ടു! സ്‌കൂട്ടറിന്‌ പിന്നിലിരുത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ചു; മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെ കേസെടുത്ത് വനംവകുപ്പ്


‘ഇതാണ് എന്റെ മുത്ത് മോന്‍, നീണ്ടീല്‍ കുത്തിയിരിക്ക്’ എന്നും പറഞ്ഞ് മദ്യലഹരിയില്‍ പെരുമ്പാമ്പിനെ സ്‌കൂട്ടറിന്റെ പിറകിലിരുത്തികൊണ്ടുപോയ യുവാവിന്റെ ദൃശ്യങ്ങള്‍ ചിരിപടര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വനംവകുപ്പിന്റെ നടപടി നേരിടുകയാണ് കൊയിലാണ്ടി മുചുകുന്ന് സ്വദേശി ജിത്തു.

വന്യജീവിസംരക്ഷണ നിയമത്തിലെ സെക്ഷന്‍ ഏഴ്, ഒമ്പതു പ്രകാരമാണ് ജിത്തുവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പാമ്പിനെ ഉപദ്രവിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജിത്തുവിന്റെ മൊഴിയെടുത്തിരുന്നു. മദ്യലഹരിയിലായിരുന്നെന്നും റോഡരികില്‍ നിന്ന് ലഭിച്ച പാമ്പിനെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയാണ് ചെയ്തതെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പാമ്പിനെ ഉപദ്രവിച്ചിട്ടില്ലെന്നും രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും ജിത്തു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. റോഡരികില്‍ കണ്ട പാമ്പിനെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കാനാണ് ശ്രമിച്ചത്. പാമ്പിനെ ഇടാന്‍ ചാക്കോ മറ്റോ നോക്കിയെങ്കിലും ഒന്നും കാണാത്തതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ പിന്നിലിരുത്തി കൊണ്ടുപോകുകയായിരുന്നു. ഇത് കണ്ട് വഴിയില്‍ ചിലര്‍ കൈകാണിച്ച് വണ്ടി നിര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് പാമ്പിനെ കാട്ടിക്കൊടുത്തിയിരുന്നു. പിന്നീട് നേരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പാമ്പിനെ അവിടെ ഏല്‍പ്പിക്കുകയാണുണ്ടായത്. പിറ്റേദിവസം സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറിയെന്ന് വിവരം ലഭിച്ചതായും ജിത്തു പറഞ്ഞു.

ജിത്തു പാമ്പിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചകാര്യം കൊയിലാണ്ടി സി.ഐ സുനില്‍കുമാറും സ്ഥിരീകരിച്ചിട്ടുണ്ട്. അയാള്‍ പാമ്പിനെ ഉപദ്രവിച്ചിട്ടില്ല. തങ്ങളെ ഏല്‍പ്പിക്കുകയാണ് ചെയ്തതെന്നും പിറ്റേദിവസം തന്നെ വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയെന്നും സി.ഐ വ്യക്തമാക്കി.

ജനുവരി 29നാണ് ചെറുകുന്നുമ്മല്‍ താഴെ റോഡില്‍ നിന്ന് ജിത്തുവിന് പെരുമ്പാമ്പിനെ ലഭിച്ചത്. കഴിഞ്ഞദിവസമാണ് ജിത്തു പാമ്പിനെ സ്‌കൂട്ടറിന് പിന്നില്‍ നിര്‍ത്തിയതിന്റെയും വഴിയരികില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നത്. ‘എന്നോടൊപ്പം മദ്യപിക്കാന്‍ വരുന്നോ?’ എന്നു ചോദിച്ച് പാമ്പിന്റെ തല പിടിച്ച് ഉയര്‍ത്തുകയും ഉയര്‍ത്തിയെടുത്ത് കഴുത്തില്‍ ചുറ്റുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതേത്തുടര്‍ന്നാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.

സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയില്‍ ഷെഡ്യൂള്‍ ഒന്നില്‍ പെടുന്നതാണ് പെരുമ്പാമ്പ്.