പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് ആറുവര്‍ഷം തടവും പിഴയും; പോക്‌സോ കേസില്‍ വിധി പറഞ്ഞത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി


കൊയിലാണ്ടി: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് ആറുവര്‍ഷം തടവും മുപ്പത്തി അയ്യായിരം രൂപ പിഴയും. ഇടുക്കി അടിമാലി സ്വദേശി ആയ പുത്തന്‍ പുരക്കല്‍ ബിജുവിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷവിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒമ്പതുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021ല്‍ കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പച്ചക്കറി അരിഞ്ഞുകൊടുക്കാന്‍ വിളിച്ചുവരുത്തി ബാലികയെ ഉപദ്രവിക്കുകയായിരുന്നു. അതിനുശേഷം സ്വദേശമായ ഇടുക്കിയിലേക്ക് കടന്നുകളഞ്ഞ പ്രതി ആറുമാസത്തിനുശേഷം തിരികെ വന്നപ്പോള്‍ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.

പോക്‌സോ നിയമപ്രകാരവും ഐ.പിസി സെക്ഷന്‍ 354, 354 എ, 506 (1) പ്രകാരവുമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍ ടി.പിയാണ് വിധി പ്രസ്താവിച്ചത്. കൂരാച്ചുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ റോയിച്ചന്‍ പി.ഡി അന്വേഷിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജെതിന്‍ ഹാജരായി.