‘പട്ടാപ്പകല്‍ എന്റെ കടയുടെ മുമ്പില്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് എന്റെ സ്‌കൂട്ടര്‍ മോഷണം പോയത്’; കൊയിലാണ്ടിയിൽ മോഷണം പോയ സ്കൂട്ടറിന്റെ ഉടമ കൊയിലാണ്ടി ന്യൂസിനോട് പ്രതികരിക്കുന്നു


കൊയിലാണ്ടി: രാവിലെ കടതുറക്കാനെത്തിയതാണ് മസ്‌കറ്റ് ബേക്കറി ഉടമ റഫീഖ്. സ്‌കൂട്ടര്‍ പതിവുപോലെ കടയുടെ മുമ്പില്‍ നിര്‍ത്തുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞ് നോക്കിയപ്പോള്‍ നിര്‍ത്തിയിട്ടിടത്ത് വണ്ടിയില്ല. തന്റെ തൊട്ടരികില്‍ നിന്നും അതും പകല്‍സമയത്ത് സ്‌കൂട്ടര്‍ മോഷ്ടിക്കപ്പെട്ടതിന്റെ നടുക്കത്തിലാണ് റഫീഖ് ഇപ്പോഴും.

‘സ്‌കൂട്ടര്‍ കാണാതായെന്ന് മനസിലായതോടെ തൊട്ടടുത്ത കടക്കാരോട് അന്വേഷിച്ചു. അപ്പോള്‍ ടൈലര്‍ ഷോപ്പിലുള്ള ആളാണ് പറഞ്ഞത് സ്‌കൂട്ടര്‍ ഒരാള്‍ കൊണ്ടുപോകുന്നത് കണ്ടെന്ന്. അയാള്‍ക്ക് എന്റെ സ്‌കൂട്ടറാണ് അത് എന്ന് മനസിലായിരുന്നില്ല. കാവി മുണ്ടും ടീഷര്‍ട്ടും ധരിച്ച ഒരാള്‍ സ്‌കൂട്ടര്‍ എടുത്ത് പോകുന്നതാണ് അയാള്‍ കണ്ടത്.’ റഫീഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൊയിലാണ്ടി മേഖലയില്‍ അടുത്തിടെ ഇത്തരം മോഷണങ്ങള്‍ പതിവാണെന്നും റഫീഖ് പറയുന്നു. ദിവസങ്ങള്‍ക്കു മുമ്പ് രണ്ടുവണ്ടി ഇതിന്റെ ചുറ്റുവട്ടങ്ങളിൽ നിന്നും ഇതുപോലെ മോഷണം പോയിരുന്നു. അത് പിന്നീട് വെങ്ങളം പാലത്തിന് അടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മസ്‌കറ്റ് ബേക്കറിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ ഗ്രേ കളര്‍ ആക്ടീവ മോഷണം പോയത്. വണ്ടി നിര്‍ത്തിയിട്ടശേഷം റഫീഖ് ചാവി എടുത്ത് മാറ്റാന്‍ മറന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.