നേത്രാവതി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരുടെ യോഗത്തില്‍ കെ. മുരളീധരന്‍ എം.പി


കൊയിലാണ്ടി: നേത്രാവതി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. റെയില്‍വേ ബജറ്റിനു മുന്നോടിയായി പാലക്കാട് ഡിവിഷനിലെ എം.പിമാരുമായി സതേണ്‍ റെയില്‍വേ മാനേജര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.പി ഇക്കാര്യം അറിയിച്ചത്.

ഇതിനു പുറമേ വടകര, കൊയിലാണ്ടി സ്റ്റേഷനുകള്‍ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും തലശേരി-മൈസൂരു റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗളുരു- മംഗളുരു- കണ്ണൂര്‍ ട്രെയിന്‍ കോഴിക്കോട് നീട്ടണമെന്ന് എം.കെ രാഘവന്‍ എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതരുമായി സംസാരിച്ച് ഉറപ്പുവരുത്തിയതാണെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആ സമയത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലെന്ന റെയില്‍വേയുടെ വാദത്തിനു ബദലായ നിര്‍ദേശവും എം.പി മുന്നോട്ടുവെച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന മംഗളുരു- കോഴിക്കോട് എക്‌സ്പ്രസ് മെമു സര്‍വീസായി മാറ്റി പാലക്കാട് വരെ നീട്ടുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാമെന്നും എം.പി അറിയിച്ചു.

അതേസമയം, എം.പിമാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ 99 ശതമാനവും റെയില്‍വേ തള്ളിക്കളയുന്ന സാഹചര്യമാണുള്ളതെന്ന് എം.പി രാഘവന്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. റെയില്‍വേ വിഷയങ്ങളില്‍ വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാറുള്ളത്. എന്നാല്‍ റെയില്‍വേയുടെ നിഷേധാത്മക മനോഭാവം കാരണം എം.പിമാര്‍ യാതൊരു പരിശ്രമവും നടത്തുന്നില്ലെന്ന തരത്തിലാണ് പൊതുജനമധ്യത്തില്‍ പ്രചാരണം. ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസിന്റെ കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ നിര്‍ദേശം പുനപരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.

[vote]