മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി ഒരുങ്ങി; മുഴുവന്‍ സമയ ആര്‍.ആര്‍.ടി ടീം സജ്ജം


കൊയിലാണ്ടി: കോവിഡിന്റെ മൂന്നാം തരംഗം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനുവേണ്ട മുന്നൊരുക്കങ്ങളുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ ആര്‍.ആര്‍.ടി ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

പതിനഞ്ച് വയസ് മുതല്‍ പതിനേഴു വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്, മുതിര്‍ന്നവര്‍ക്കും മുന്നണി പോരാളികള്‍ക്കുമുള്ള കുത്തിവെപ്പും നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന, മുഴുവന്‍ സമയ ലാബ് സൗകര്യം എന്നിവ ആശുപത്രിയിലുണ്ട്.

മതിയായ ഓക്‌സിജന്‍ സൗകര്യങ്ങളും കിടക്കകളും ഒരുക്കിയിട്ടുണ്ട്. കോവിഡ് ആശുപത്രിയായി ഉയര്‍ത്താവുന്ന സൗകര്യങ്ങളുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യമുള്ളവരെ മാത്രമാണ് കിടത്തി ചികിത്സിക്കുക.

ആശുപത്രിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയാല്‍ സാമൂഹ്യ അകലം പാലിക്കുന്നത് ബുദ്ധിമുട്ടാകും. ഇത് രോഗവ്യാപനം വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ലക്ഷണമുള്ളവര്‍ സ്വയം നിരീക്ഷണത്തിലിരിക്കാനും മറ്റുള്ളവരുമായി ഇടപഴകാതിരിക്കാനും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രി ചികിത്സ തേടാനുമാണ് നിര്‍ദേശം. ലക്ഷണമുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപെടാവൂവെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മാസ്‌ക് എല്ലാവരും ധരിക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം പലപ്പോഴും പാലിക്കുന്നില്ലയെന്നത് ഖേദകരമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
[vote]