നല്ല സ്വപ്‌നങ്ങൾ നെയ്തെടുത്തവൾ എത്തിയത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡിൽ; ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചർ നിർമ്മിച്ച് ബഹുമതി നന്തി സ്വദേശി നെയ്ഫാ അഷറഫിന്


നന്തി: ചീത്ത സ്വപ്‌നങ്ങൾ കാണുന്നത് ഒരു പതിവായി മാറിയപ്പോൾ അതിനെയെങ്ങനെ തടയിടാം എന്ന് നെയ്‌ഫ ചിന്തിക്കാൻ തുടങ്ങിയത്. അതെത്തിയതാവട്ടെ ഡ്രീം ക്യാച്ചറിലും.

അങ്ങനെ ചീത്ത സ്വപ്നങ്ങളെ പേടിച്ചാരംഭിച്ച കരകൗശല വസ്തുക്കളുടെ നിർമ്മാണം പതിയെ അവളുടെ ഏറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നായി മാറി. പട്ടുനൂൽ, അയേൺ ഹൂപ്പ്സ്, തൂവൽ എന്നിവ ഉപയോഗിച്ചാണിതിന്റെ നിർമ്മാണം. കൈ വഴങ്ങാൻ അൽപ്പം സമയം എടുത്തെങ്കിലും പതിയെ നെയ്ഫായുടെ ഏറ്റവും പ്രിയപ്പെട്ടതായി.

പതിയെ പതിയെ അവൾ ഡ്രീം ക്യാച്ചർ നിർമ്മാണത്തിലൂടെ നല്ല നാളെ സ്വപനം കാണുവാൻ തുടങ്ങി. അങ്ങനെ നല്ല സ്വപ്നവും നിരന്തരമായ പരിശീലനവും അവളെ കൊണ്ടെത്തിച്ചത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡിൽ. ഇന്ത്യയിലെ 2022‌ – ലെ ഏറ്റവും വലിയ ഡ്രീം കാച്ചെർ നിർമ്മിച്ചാണ് നന്തിക്കാരിയായ നെയ്ഫാ അഷറഫ് റെക്കോർഡിട്ടത്.

വൃത്താകൃതിയിലാണ് ഡ്രീം ക്യാച്ചർ നിർമ്മിക്കുന്നത്. പല തരം വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ ഉപയോഗിച്ച് ഒരു വെബ് ഉണ്ടാക്കി അവയ്ക്ക് താഴെ തൂവലുകൾ ചേര്‍ത്ത് ഭംഗിയായി നിര്‍മ്മിച്ചവയാണ്‌ ഡ്രീം ക്യാച്ചർ.  ചിലത് തൂവലും മൃഗങ്ങളുടെ രൂപങ്ങളും മറ്റു കൊണ്ട് അലങ്കരിച്ച സ്ട്രിംഗ് ആയിരിക്കും.  ഈ സ്ട്രിംഗ് അതിന്റെ ഉടമയ്ക്ക് നല്ല സ്വപ്നങ്ങൾ നൽകുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

അമേരിക്കൻ ഗോത്ര സമൂഹമായ ഒജിബ്വേ ചിപ്പേവ ആണ് ഡ്രീം കാച്ചെർ എന്ന വിശ്വാസത്തിനു പിന്നിൽ. ചെറിയ കുട്ടികളുടെ സംരക്ഷണത്തിനായി അവർ ഉപയോഗിച്ചിരുന്ന വസ്തുവാണ്. നല്ല സ്വപ്നങ്ങളെ ഡ്രീം കാച്ചെര്‍ അതിന്റെ അലുക്കുകളിലൂടെ കടത്തിവിടുകയും ദുസ്വപ്നങ്ങള്‍ അതില്‍ കുരുങ്ങി പിറ്റേ ദിവസത്തെ ആദ്യ സൂര്യരശ്മി അതിൽ പതിഞ്ഞ് നശിച്ചു പോകുമെന്നുമാണ് അവരുടെ വിശ്വാസം.

1980കളിൽ മാർക്കറ്റ്‌ ചെയ്യപെട്ട ഇത് ഹാന്റിക്രാഫ്റ്റ് എന്ന നിലയിൽ ആണ് വിപണി കീഴടക്കിയത്. ഇന്ന് യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു അലങ്കാര വസ്തുവാണ് ഡ്രീം കാച്ചെര്‍.

ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം നൈഫ് അഷറഫിന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൈമാറി.

[vote]