നന്തി മുതൽ കോഴിക്കോട് വരെ, ചോരക്കളമായി റെയിൽവേ ട്രാക്ക്; മൂന്നു ദിനരാത്രങ്ങളിൽ മരിച്ചുവീണത് 21കാരൻ ഉൾപ്പെടെ അഞ്ച് പേർ, പ്രിയപ്പെട്ടവരേ ശ്രദ്ധിക്കണേ


കോഴിക്കോട്: പുതു വർഷ പുലരി പിറന്നത് മുതലുള്ള മൂന്ന് ദിനങ്ങൾ, കോഴിക്കോട്ടെ റെയിൽവേ ട്രാക്കുകളുടെ ആത്മകഥയിൽ ചോര പുരണ്ട ദിനങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. എഴുപത്തഞ്ചുകാരൻ മുതൽ ഇരുപത്തിഒന്നുകാരന്റെ വരെ ജീവൻ പിടയുന്ന കാഴ്ചയ്ക്ക് പാളം സാക്ഷ്യം വഹിച്ച നാളുകൾ. ജീവിത യാത്രയുടെ അവസാനം കണ്ട നിമിഷങ്ങൾ. സ്വദേശികൾക്കു പുറമെ ഒരു തമിഴ്‌നാടുകാരന്റെ വരെ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന സമയം. ഇതുവരെയുള്ള അന്വേഷണവും സാക്ഷി മൊഴികളും വെച്ച് എല്ലാം അപകടം തന്നെയായിരുന്നു.

അമൽ രാജ്, ഇളവഴുതിരാജ, മുഹമ്മദ് ഷാഫി, മുകുന്ദൻ, ബീന എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിൻ തട്ടിയും, ട്രെയിനിൽ നിന്ന് വീണും മരിച്ചത്. ഇലവഴുതി രാജ ട്രെയിനിൽ നിന്ന് കാൽ വഴുതി വീഴുകയും മറ്റുള്ളവർ ട്രെയിൻ തട്ടി മരിക്കുകയുമായിരുന്നു.

ഒന്നാം തീയതി പുലർച്ചെയാണ് തിക്കോടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചത്. പഞ്ചായത്ത് ബസാറിന് സമീപം കുഞ്ഞിരാമന്റെ വളപ്പിൽ അമൽ രാജ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

ചെങ്ങോട്ടുകാവിൽ ട്രെയിനിൽ നിന്ന് കാൽ വഴുതിയാണ് തമിഴ്നാട് വെല്ലൂർ സ്വദേശി ഇളവഴുതിരാജ മരിച്ചത്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യവെ രാവിലെ ഏഴ് മണിയോടെയാണ് ട്രെയിനിൽ നിന്നും വീണത്. പത്തംഗ സംഘത്തിനൊപ്പം മംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം.

നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി പത്രമിടാൻ പോയവരാണ് റെയിൽവേ ട്രാക്കിൽ ബോധരഹിതനായ നിലയിൽ പതിയാരക്കര പുതുപ്പണം സ്വദേശി മുഹമ്മദ് ഷാഫി എന്ന യുവാവിനെ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാഫി ചികിത്സയിലിരിക്കെ മരണപെട്ടു.

നന്തി ബീച്ചിൽ ഉമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു ഷാഫി. തലയുടെ പിറകു ഭാഗത്തേറ്റ പരുക്ക് ഗുരുതരമായിരുന്നു. സ്‌കാനിങ്ങിന് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. ഉമ്മയുടെ വീട്ടില്‍ നിന്നും രാത്രി പതിയാരക്കരയിലെ വീട്ടിലേക്ക് തിരിച്ച പോകുമ്പോൾ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതെന്നും പൊലീസ് അറിയിച്ചു.

പന്തലായനിയിലെ ഒരു മരണവീട്ടില്‍ പോയി മടങ്ങിവരുംവഴി തന്നെ കാത്ത് മരണം പതിയിരിപ്പുണ്ടെന്ന് മുതിരപ്പുറത്ത് മുകുന്ദൻ അറിഞ്ഞിരുന്നില്ല
റെയില്‍വേ ട്രാക്കില്‍ തലകറങ്ങി വീഴുകയായിരുന്ന ഇയാൾ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. എഴുപത്തിയഞ്ച് വയസായിരുന്നു.

എലത്തൂര്‍ റെയിൽവേ ട്രാക്കിലൂടെ നടന്നു പോകവെയാണ് തീവണ്ടിയിടിച്ച് പുതിയങ്ങാടി സ്വദേശിനി ബീനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. അൻപത്തിയഞ്ച് വയസ്സായിരുന്നു. രാവിലെ എട്ടു മണിക്കും ഒൻപത് മണിക്കുമിടയിലാണ് വടക്കേടത്ത് ബാബുവിന്റെ ഭാര്യയാണ് ബീനയ്ക്ക് അപകടം സംഭവിച്ചത് എന്നാണ് എലത്തൂർ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്.

ഇതിൽ പലതും ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാകാം. സൂക്ഷിക്കുക. യാത്രക്കാർ ശ്രദ്ധാലുക്കളാകുമ്പോൾ തന്നെ അധികൃതരും ജാഗ്രത പാലിക്കേണ്ടതത്യാവശ്യമാണെന്നു വിസ്മരിക്കരുതെല്ലൊ. ഇന്നലെ മൂരാടിനു സമീപം പാളത്തിൽ വൻ ദുരന്തങ്ങളൊഴുവാക്കിയത് ഒരു പറ്റം കുട്ടികളാണ്. റെയിൽവേ പാളത്തിൽ തീപ്പൊരി ചിതറുന്നത് കണ്ടാണ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ പാളത്തിൽ ഇൻവെസ്റ്റിഗേഷൻ നടത്തിയത്. മൂരാട് ബ്രദേഴ്‌സ് സ്റ്റോപ്പിനു പിറകിലുള്ള റെയിൽവേ ട്രാക്കിലാണ്‌ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ മംഗള സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് കടന്നുപോയ ഉടനെയാണ് തീപ്പൊരി ചിതറുന്നത് ശ്രദ്ധയിൽ പെട്ടത്.

അധികൃതരും പൊതുജനങ്ങളും ഒരു പോലെ സൂക്ഷ്മത പാലിക്കേണ്ടത് അത്യാവശ്യം ആണ്…. ഓരോ ജീവനും വിലപ്പെട്ടതാണ്.

അവർത്തിക്കാതിരിക്കട്ടെ, തീവണ്ടി അപകടങ്ങൾക്ക് കോഴിക്കോടിനി സാക്ഷ്യം വഹിക്കാതിരിക്കട്ടെ.