നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്: നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു, ആദ്യഘട്ട പ്രവൃത്തിയുടെ ഭാഗമായി നാലുകിലോമീറ്റര്‍ പാത വെട്ടി
കൊയിലാണ്ടി: അഴിയൂര്‍-വെങ്ങളം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. നന്തി ശ്രീശൈലം കുന്നിലൂടെ മൂടാടി വെള്ളറക്കാട് ചാലി വരെ നാലുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബൈപ്പാസ് റോഡിനായുള്ള പാത വെട്ടിക്കഴിഞ്ഞു. റോഡ് നിര്‍മിക്കുന്നിടത്ത് തടസ്സമായിനില്‍ക്കുന്ന വൈദ്യുതലൈനുകളും കാലുകളും അടിയന്തരമായി മാറ്റേണ്ടതുണ്ട്. വീടുകള്‍, മരങ്ങള്‍ എന്നിവ നീക്കംചെയ്തുവരികയാണ്. അറുനൂറോളം വീടുകളാണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി പൊളിച്ചുനീക്കേണ്ടത്.
പതിനൊന്ന് കിലോമീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമായി ആറുവരിയിലാണ് ബൈപ്പാസ് റോഡ് വരുന്നത്. ഇരുവശത്തും സര്‍വ്വീസ് റോഡുകളുമുണ്ടാവും. വെള്ളറക്കാട്, മരളൂര്‍, വിയ്യൂര്‍, പന്തലായനി, കോതമംഗലം, മേലൂര്‍ വഴിയാണ് ബൈപ്പാസ് റോഡ് ചെങ്ങോട്ടുകാവില്‍ പ്രവേശിക്കുക.
വെള്ളക്കെട്ടുള്ള വെള്ളറക്കാട് ചാലിയില്‍ മണ്ണിട്ടുനികത്തിവേണം റോഡ് നിര്‍മിക്കാന്‍. ചെളിമാറ്റി അതിനുമുകളില്‍ മണ്ണുനിറയ്ക്കും. ചാലിഭാഗത്ത് വെള്ളമൊഴുകിപ്പോകുന്ന ഒട്ടെറെ ചെറുതോടുകളും ഓവുചാലുകളുമുണ്ട്. ഇവിടെ താത്കാലികമായി കുഴല്‍ സ്ഥാപിക്കുന്നുണ്ട്. റോഡുപണി പുരോഗമിക്കുമ്പോള്‍ ആവശ്യമായ ഇടങ്ങളിലെല്ലാം ബോക്‌സ് കള്‍വെര്‍ട്ടുകള്‍, ചെറുപാലങ്ങള്‍ എന്നിവ സ്ഥാപിക്കും. പുറത്തുനിന്ന് നിര്‍മിച്ച ബോക്‌സ് കോണ്‍ക്രീറ്റ് കള്‍വെര്‍ട്ടുകള്‍ ഇവിടെക്കൊണ്ടുവന്നുസ്ഥാപിക്കുമ്പോള്‍ അധ്വാനഭാരം കുറയും.
ബൈപ്പാസ് കടന്നുപോകുന്ന മൂടാടി ഹില്‍ബസാര്‍ റോഡിലും ആനക്കുളം മുചുകുന്ന് റോഡിലും അണ്ടര്‍പ്പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. അണ്ടര്‍പ്പാസ് അനുവദിച്ചില്ലെങ്കില്‍ മൂടാടി നിവാസികള്‍ വലിയ യാത്രാക്ലേശം അനുഭവിക്കേണ്ടിവരും. സമാനസ്ഥിതിയാണ് ആനക്കുളം-മുചുകുന്ന് റോഡിലും. പിഷാരികാവ്, അനന്തപുരം ക്ഷേത്രം, പാറപ്പള്ളി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍, മുചുകുന്ന് സര്‍ക്കാര്‍ കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ആനക്കുളം മുചുകുന്ന് റോഡ് വഴിയാണ് പോകുന്നത്. മാത്രവുമല്ല കണ്ണൂരിലേക്കുള്ള ബദല്‍പാതയും ലക്ഷ്യമിടുന്നത് ഈ റോഡാണ്.