നന്തി ഇരുപതാം മൈലില്‍ ബൈക്ക് അപകടം; വടകര താഴെ അങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: നന്തി ടൗണിന് സമീപം ഇരുപതാം മൈലില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര താഴെ അങ്ങാടി കോതി സ്വദേശിയും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനുമായ മൂന്നിലകത്ത് പറമ്പ് ഹാരിസാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

ഹാരിസിനൊപ്പമുണ്ടായിരുന്ന ശുഹൈബിനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് വടകര മേഖലയിലെ വിഖായ ആക്റ്റീവ് വിഹ് അംഗവും ജില്ലാ സമിതി അംഗവുമാണ് ശുഹൈബ്.

രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഹാരിസും ശുഹൈബും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ചാലിയത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. യൂത്ത് ലീഗിന്റെ മുന്‍ ഭാരവാഹിയും സാമൂഹ്യ സേവന രംഗത്ത് സജീവ പ്രവര്‍ത്തകനുമായിരുന്നു ഹാരിസ്. രക്തദാന കൂട്ടായ്മയുടെ കോര്‍ഡിനേറ്ററുമാണ്.

ഹാരിസിന്റെ ഉമ്മ: ഖദീജ.

ഭാര്യ: റംല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.