ദേശീയപാതയില്‍ ഇരിങ്ങലില്‍ റോഡില്‍ ഓയില്‍ പരന്നനിലയില്‍; ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു, റോഡില്‍ മണ്ണ് വിതറിയതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടി നാട്ടുകാര്‍


പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങല്‍ ഓയില്‍ മില്ലിനു സമീപം റോഡില്‍ ഓയില്‍ പരന്നത് അപകടങ്ങള്‍ക്കിടയാക്കി. ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടത്തില്‍പ്പെട്ടു തുടങ്ങിയതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഒടുക്കം മണ്ണിട്ട് ഓയില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയെങ്കിലും നാട്ടുകാരാണ് പ്രതിസന്ധിയിലായത്. മണ്ണ് പാറി ശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തുടര്‍ന്ന് റോഡ് പരിശോധിച്ചപ്പോഴാണ് ഓയില്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഹൈവേ പൊലീസിന്റെ നേതൃത്വത്തില്‍ ഓയില്‍ പരന്നയിടത്ത് മണ്ണ് വിതറി പരിഹാരം കണ്ടെത്തി. എസ്.ഐ രവീന്ദ്രന്‍ സി.പി.ഒ മാരായ ശ്രീജിത്ത്, ജംഷീര്‍, വിനീഷ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്.

മണ്ണ് കാരണം അല്പം ബുദ്ധിമുട്ടുണ്ടായെങ്കിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടില്ലല്ലോയെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. പ്രദേശത്ത് രാത്രി ഏതെങ്കിലും വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്.