ട്രെയിൻ ​ഗതാ​ഗത സ്തംഭനം: കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി; കൂടുതൽ സർവ്വീസുകൾ ആവശ്യമെങ്കിൽ യാത്രക്കാർക്ക് അറിയിക്കാം


തിരുവനന്തപുരം: തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കോഴിക്കോട്ടേക്ക് ഉൾപ്പെടെ കൂടുതൽ ബസ് സർവ്വീസുകൾ കെ.എസ്.ആർ.ടി.സി നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്കു ട്രെയിനിന്റെ എന്‍ജിനും നാല് ബോഗികളും പാളം തെറ്റി റെയിൽ ഗതാഗതം പൂര്‍ണമായും തടസ്സപെടുകയുണ്ടായി. വളരെ ഏറെ നേരത്തിനു ശേഷം ഒരു ലൈനിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. എങ്കിലും ഏറെ ട്രെയിനുകൾ പിടിച്ചിടുകയും വൈകുന്ന സാഹചര്യവുമായുണ്ടായി. അതിനെ തുടർന്നാണ് കെ.എസ്. ആർ.ടി.സി ഇത്തരത്തിലൊരു ക്രമീകരണം നടത്തിയത്.

നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയിൽ നിന്നും ആറും അധിക ബസുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവ്വീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താൻ ​ഗതാ​ഗതമന്ത്രി നിർദ്ദേശം നൽകി.

അടിയന്തിരമായി ബസ് സർവ്വീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

വിവരാന്വേഷണത്തിന് (24×7): +91 471-2463799  +91 9447071021, 1800 599 4011