ട്യൂഷന്‍ കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടികളെ റോഡരികില്‍ പീഡിപ്പിക്കാന്‍ ശ്രമം; തിക്കോടിയിൽ പതിനേഴുകാരൻ പിടിയിൽ


പയ്യോളി: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വിദ്യാര്‍ഥിനിയെ റോഡരികില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 17-കാരനെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ജനവരി എട്ടിന് രാവിലെ പത്തരയ്ക്ക് തിക്കോടിയിലാണ് സംഭവം.

അതിക്രമത്തിന് ഇരയായ കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന രണ്ട് കുട്ടികളെ സ്‌കൂട്ടറിലെത്തിയ 17-കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കുട്ടികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതിയുമായെത്തിയത്. തുടര്‍ന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും 17 കാരന്‍ എത്തിയ ബൈക്ക് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട് സ്വദേശിയായ ഇയാള്‍ തിക്കോടിയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്.

പ്രതിയെ ചോദ്യം ചെയ്തശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ ഇനി രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ജുവനൈല്‍ കോടതിക്കു മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ്‌
അറിയിച്ചു.