ടി. നസ്‌റുദ്ദിനോടുള്ള ആദരസൂചകമായി സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസ്‌റുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി വ്യവാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു. ഇന്നലെ രാത്രിയാണ് ടി. നസ്‌റുദ്ദീന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത ആഘാതമാണെന്ന് രാജു പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് അനുശോചന സന്ദേശത്തില്‍ രാജു അപ്‌സര വ്യക്തമാക്കി.

ഇന്ന് വൈകുന്നേരമാണ് നസ്‌റുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം.

1991 മുതല്‍ മൂന്നു പതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു.