”ഞാന്‍ വണ്ടി നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ആ കുഞ്ഞിന് എന്ത് സംഭവിക്കുമായുന്നു?” പേരാമ്പ്രയിലെ ഭാര്യ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ സംഭവിച്ചത്- കൊയിലാണ്ടി സ്വദേശി സുബിന്‍ പറയുന്നു


ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നെത്തുന്ന ചില അതിഥികൾ അങ്ങനെയാണ്… ആരാണെന്നോ, എന്താണെന്നോ അറിയില്ലായിരിക്കും. എന്നാൽ ജീവിതത്തിലുടനീളം പുഞ്ചിരിക്കാനുള്ള, മറക്കാനാവാത്തെ ഓർമ്മമുദ്ര ഹൃദയത്തിന്റെ ആഴത്തിൽ പതിപ്പിച്ചിട്ടായിരിക്കാം അവർ പോകുന്നത്. അത്തരത്തിൽ താൻ ഇന്ന് നേരിട്ട ഒരു അനുഭവം പങ്കു വെയ്ക്കുകയാണ് കൊയിലാണ്ടി സ്വദേശി സുബിൻ കുമാർ.

ഭാര്യ വീട്ടിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുമ്പോൾ രണ്ടു സ്ത്രീകൾ കൈ കാണിക്കുകയും എന്നാൽ പരിചയമില്ലാത്തതിനാൽ വണ്ടി നിർത്താതെ പോകുവാൻ തോന്നുകയുമായിരുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭച്ചിരിക്കുന്നത്. നിർത്താതെ പോവുക എന്നത് ഇന്ന് കാലത്തു പതിവാണെങ്കിലും വാഹനം നിർത്തിയത് കൊണ്ട് മറ്റൊരാൾക്ക് സഹായം പങ്കിടുവാൻ കഴിഞ്ഞതിന്റെ സന്തോഷം ആ പോസ്റ്റിലുടനീളം കാണാം. പനി ബാധിച്ച ബോധ രഹിതനായ ആൺകുഞ്ഞിനേയും ഒക്കത്തെടുത്ത ഒരമ്മയായിരുന്നു കരഞ്ഞു കൊണ്ട് വാഹനത്തിനു കൈ കാണിച്ചത് എന്ന് സുബിൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:

ഇന്ന് ഉച്ചയ്ക്ക് പേരാമ്പ്ര പൈതോത്ത് ഭാര്യ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ച് ഭാര്യയോടും മകളോടും യാത്ര പറഞ്ഞ് ഇറങ്ങി. പൈതോത്ത് റോഡിലേക്ക് ഉള്ള പോക്കറ്റ് റോഡിൽ എത്തിയപ്പോൾ രണ്ട് സ്ത്രീകൾ വണ്ടിയ്ക്ക് കൈ കാണിച്ചു. പക്ഷേ എന്റെ മനസ്സിൽ അറിയാത്ത രണ്ട് പേർ ആണ് അതും സ്ത്രികൾ, നിർത്തണ്ട എന്ന് തോന്നി. ഞാൻ വണ്ടി ഒടിച്ചു അവരുടെ അടുത്ത് എത്തിയപ്പോൾ ഒരാളുടെ കൈയ്യിൽ എന്റെ മകളുടെ പ്രായം ഉള്ള ഒരു കുട്ടി ഉണ്ട്. അവരുടെ മുഖത്ത് ഒരു വിഷമവും ഭയവും എല്ലാം കൂടി വല്ലാത്ത അവസ്ഥ. അതു കണ്ടപാടെ എനിക്ക് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി, ഞാൻ വണ്ടി നിർത്തി. ആ ഉമ്മ നിലവിളിച്ച് കൊണ്ട് പറഞ്ഞു മോന് സുഖമില്ല പെട്ടന്ന് ആശുപത്രിയിൽ പോണം, വണ്ടി ഒന്നും കിട്ടുന്നില്ല അതും പറഞ്ഞ് അവർ വണ്ടിയിൽ കയറി.

എന്തു പറ്റി എന്നു ചോദിച്ചപ്പോൾ കൂടെ ഉള്ള ഉമ്മ പറഞ്ഞു കുട്ടിക്ക് പനി കൂടി ബോധം ഇല്ല എന്ന്. പിന്നെ ഞാൻ വണ്ടി എടുത്തു ഒരു പോക്ക് ആയിരുന്നു. പോകുമ്പോൾ ആ കുഞ്ഞിനെ മടിയിൽ ഇരുത്തി ഉമ്മ പറഞ്ഞു മോനെ എനിക്കും പനി ഉണ്ട് മാസ്ക്ക് ശരി ആയി ഇട്ടോ എന്ന്. പേരാമ്പ്ര ഇ.എം.എസ് ഹേസ്പിറ്റലിൽ എത്തി അവർ കുഞ്ഞിനെയും കൊണ്ട് ഇറങ്ങിയോടുമ്പോൾ തിരിഞ്ഞ് എന്നെ ഒന്നു നോക്കി, ആ നോട്ടത്തിൽ അവർ എന്നോട് എന്തോക്കയോ പറഞ്ഞു. അതിൽ നന്ദിയും കടപ്പാടും അനുഗ്രഹവും എല്ലാം ഉണ്ടായിരുന്നു.

അപ്പോൾ ഞാൻ ചിന്തിച്ചത് ഞാൻ വണ്ടി നിർത്തിയില്ലായിരുന്നെങ്കിൽ എന്താവാമായിരുന്നു എന്നാണ്. ആ കുഞ്ഞിന് അസുഖം എന്തായി എന്ന് ഒന്നും അറിയില്ല. എന്റെ ജീവിതത്തിൽ ഈ ദിവസം ഒരിക്കലും മറക്കില്ല. എന്റെ ചെറിയ സഹായം കൊണ്ട് ആ കുഞ്ഞിന് സംരക്ഷണം കൊടുക്കാൻ പറ്റി.