ജനങ്ങള്‍ക്കിടയില്‍ ഭീതിയായ നിയോകോവ് വൈറസ് അതി മാരകമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു (വീഡിയോ കാണാം)


 

കോഴിക്കോട്: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഭീതി പരത്തുന്ന വാക്കാണ് നിയോകോവ് വൈറസ്. കോവിഡിനാല്‍ പൊറുതിമുട്ടിയ ലോകജനതയ്ക്ക് മേല്‍ മറ്റൊരു ഇടിത്തീയായി അതിനെക്കാള്‍ മാരകമായ മറ്റൊരു വൈറസ് വരുന്നു എന്ന പ്രതീതി ഉളവാക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ? നമുക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമുണ്ടോ? ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും എന്താണ്? തെറ്റായ കാര്യങ്ങള്‍ എന്തെല്ലാമാണ്?

വാര്‍ത്തകള്‍ വായിച്ച് ആശങ്കയിലായവര്‍ക്ക് വേണ്ടി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. നിയോകോവ് വൈറസിനെ കുറിച്ച് മലയാളികളായ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത് വായിക്കാം. വാർത്തയുടെ അവസാനമുള്ള വീഡിയോ കാണാം.

ഡോ. അനൂപ് കുമാർ എ.എസ് 

(കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി)

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസ് നിയോകോവിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഒമിക്രോൺ വകഭേദം നമ്മളെ വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നിയോകോവ് വൈറസിനെ കുറിച്ചുള്ള വാർത്തകൾ എത്തിയിരിക്കുന്നത് .
ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയ കോവിഡ് വൈറസ് വകഭേദങ്ങൾ പോലെയുള്ള ഒരു കോവിഡ് വകഭേദമല്ല നിയോകോവ്.

വവ്വാലുകളിൽ കണ്ടെത്തിയ മറ്റൊരു കൊറോണ വൈറസ് ആണ് ഇത്.Neoromicia വവ്വാലുകളിൽ കണ്ടതിനാലാണ് ഇതിന് NeoCoV എന്ന പേര് വന്നത്. ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്ക് മാരകമായ രോഗബബാധയുണ്ടാക്കാൻ സാദ്ധ്യതയുള്ള മൃഗങ്ങളിലും വവ്വാലുകളിലും കാണപ്പെടുന്ന, ഇപ്പോൾ നിരുപദ്രവകാരികളായ വൈറസുകളിൽ ഒന്ന് മാത്രമാണ് ഇത്. ഇതു പോലെ നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അതായത് നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമേയല്ല.

 

2013 – 14 കാലത്ത് സൗദി അറേബ്യയിൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ച മെർസ് കോവി വൈറസിൻ്റെ മൂലസ്രോതസ്സുകളെ കുറിച്ച് നടന്ന പഠനങ്ങൾക്കിടയിലാണ് ഈ വൈറസിനോട് വളരെയധികം ജനിക സമാനതയുള്ള നിയോകോവ് വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തിയത്.
എന്നാൽ അന്ന് ഈ വൈറസുകൾക്ക് മനുഷ്യ കോശങ്ങളെ ആക്രമിക്കാനുള്ള ശേഷി കണ്ടിരുന്നില്ല. ഇപ്പോൾ വിശദമായ വിശകലനങ്ങൾക്ക് വിധേയമാക്കാതെ ചൈനയിലെ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് വാർത്തകളും വലിയ ആശങ്കയും പരക്കുന്നത്.

ഡോ. അനൂപ് കുമാർ എ.എസ് 

മുമ്പ് സൂചിപ്പിച്ച ഈ നിയോകോവ് വൈറസുകളെ കുറിച്ച് നടന്ന പഠനത്തിൽ ഈ വൈറസുകൾക്ക് മനുഷ്യരിൽ കാണുന്ന പോലെ വവ്വാലുകളിലുള്ള ഒരു പ്രത്യേക receptor ലൂടെ വവ്വാലുകളിലെ കോശങ്ങളിൽ പ്രവേശിക്കാം എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ വവ്വാലുകളുടേയും മനുഷ്യരുടേയും receptorകൾ തമ്മിൽ വലിയ രീതിയിലുള്ള അന്തരം ഉള്ളതിനാൽ തന്നെ ഇവ അത്ര പെട്ടന്ന് മനുഷ്യ കോശങ്ങളെ ബാധിക്കുകയില്ല.
പക്ഷെ മുമ്പ് മറ്റു പല വൈറസുകളിലും ഉണ്ടായപോലെ തന്നെ ഈ വൈറസിലും ഗണ്യമായ ജനിതക വ്യതിയാനം ഉണ്ടായാൽ അത് വവ്വാലിൽ മാത്രമല്ല മനുഷ്യ കോശങ്ങളിലും ബാധിക്കാം.

മെർസ് കോവി വൈറസിന് സമാനമായത് കൊണ്ടാണ് ഈ വൈറസുകൾക്കും അന്നുണ്ടായ പോലെ തന്നെ 35 ശതമാന ത്തോളം മരണ സാധ്യതയുണ്ട് എന്ന ഒരു നിഗമനത്തിൽ എത്തിയത്.
2013 -2014 കാലഘട്ടത്തിൽ കണ്ടെത്തിയ ഈ വൈറസിന് ഇത് വരെ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇനി അങ്ങനെ സംഭവിച്ചാൽ
കോവിഡിൽ നിന്നും തികച്ചും വിഭിന്നമായ ഇത്തരം വൈറസുകൾക്ക് എതിരെ കോവിഡ് രോഗബാധയിലൂടെയും വാക്സിനേഷനിലൂടെയും ആർജ്ജിച്ച പ്രതിരോധശക്തി ഉപയോഗപ്രദമാവുകയില്ല എന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.

പല പകർച്ചവ്യാധി രോഗങ്ങളും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ സാഹചര്യത്തിൽ ഇത്തരം രോഗങ്ങളെ കുറിച്ചും വൈറസുകളെ കുറിച്ചുമുള്ള പഠനങ്ങൾ മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും നമ്മുടെ നാട്ടിലും ആവശ്യമാണ്. എന്നാൽ മാത്രമേ പുതിയതായി ജനിതക വ്യതിയാനം വരുന്ന വൈറസുകളെ കുറിച്ച് മനസ്സിലാക്കാനും അഥവാ മനുഷ്യരിലേക്ക് വ്യാപനം ഉണ്ടാവാൻ സദ്ധ്യതയുള്ള വൈറസുകളെ കുറിച്ച് മനസ്സിലാക്കാനും സാധിക്കൂ. കേരളത്തിൽ വരാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.

ഡോ. അരുൺ ടി. രമേശ്

(വെറ്റിനറി സർജൻ)

“ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുന്ന വിധത്തിൽ മരണനിരക്കുള്ള അതിവേഗം പടരുന്ന നിയോകോവ് (NeoCov) എന്ന കോവിഡ് വൈറസ് സ്ട്രെയിൻ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെന്ന” വാർത്ത വായിച്ചു.

1. NeoCov എന്നത് കൊവിഡ് – 19 ന് കാരണമാകുന്ന SARS Cov 2 വൈറസിന്റെ ഒരു വകഭേദമല്ല.

2. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (MERS) വൈറസിനോട് 85 % ജനിതക സാമ്യമുള്ള, 2014 ൽ ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ, വൈറസാണ് നിയോകോവ്. സ്പൈക് പ്രോട്ടീനിൽ വലിയ ജനിതക വ്യത്യാസം ഉള്ളതിനാൽ കോശങ്ങളിൽ പ്രവേശിക്കാൻ MERS വൈറസ് ഉപയോഗിക്കുന്ന DPP4 റിസപ്റ്റർ ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല എന്ന് കണ്ടെത്തിയിരുന്നു.

3. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗവേഷണ പഠനം പറയുന്നത് നിയോകോവ് വൈറസിന് SARS CoV2 വൈറസ് ഉപയോഗിക്കുന്ന ACE 2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്ത് കോശങ്ങളിൽ പ്രവേശിക്കാൻ കഴിയുമെന്ന് മാത്രമാണ്.

ഡോ. അരുൺ ടി. രമേശ്

4. നിലവിൽ മനുഷ്യ കോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്യാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോ കോവ് വൈറസിനില്ല. എന്നാൽ സ്പൈക് പോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന (T510F) വിധത്തിലുള്ള ഒരു ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കിൽ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാൻ കഴിയും.
നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോ കോവ് എന്ന കൊറോണ വൈറസ്.

ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും, ജനിതക സവിശേഷതകൾ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെ ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.

നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.

ഡോ. മനോജ് വി.എം

നിയോവൈറസ്‌ കാട്ടി പേടിപ്പിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ.

വവ്വാലുകളിൽ ആയിരക്കണക്കിനു വൈറസുകൾ ഉണ്ട്‌ എന്ന് മുൻപേ തന്നെ അറിയാം … അവയ്ക്ക്‌ ഒന്നും മനുഷ്യ കോശങ്ങളിലേയ്ക്ക്‌ കടക്കുവാൻ കഴിയില്ല … എന്നാൽ ചില വൈറസുകൾ രൂപ മാറ്റം വന്ന് മനുഷ്യ കോശങ്ങളിലേയ്ക്ക്‌ കടന്നിട്ടും ഉണ്ട്‌ … അങ്ങിനെ വന്നതാണു ഇപ്പോഴത്തെ കൊവിഡും എന്നത്‌ ശരി തന്നെയാണു … പക്ഷേ നിയോവൈറസിനു തൽക്കാലം അതിനു കഴിയില്ല …
ഇനി വുഹാനിലെ വൈറോളജി ലാബിൽ നിന്ന് പുറത്ത്‌ വന്ന പഠനത്തെ പറ്റി ചിലത് (പ്രീ പബ്ലിക്കേഷൻ)‌.

അവർ ലാബിൽ നോക്കിയ വൈറസുകളിൽ PDF-2180-CoV, നിയോവൈറസ്‌ എന്നീ രണ്ട്‌ വൈറസുകൾ നമ്മുടെ ഇപ്പോൾ ഓടുന്ന കൊവിഡ് വൈറസ്‌‌ മനുഷ്യ കോശത്തിൽ കയറാൻ ഉപയോഗിക്കുന്ന ACE2 ആണു വവ്വാലിന്റെ കോശങ്ങളിലേയ്ക്കും പ്രവേശിക്കുവാൻ ഉപയോഗിക്കുന്നത്‌ …
അത്‌ ഇത്ര കാര്യമാക്കുന്നത്‌ എന്തിനാണു? രസകരം നിയോവൈറസ്‌ മിഡിൽ ഈസ്റ്റിൽ ഇടയ്ക്ക്‌ വരുന്ന് മെര്ഴ്സുമായി സാമ്യം ഉള്ളതാണു … ഇത്തരം വൈറസുകൾ ACE2 അല്ല ഉപയോഗിക്കുക എന്നതാണു ഈ പഠനത്തിന്റെ പ്രത്യേകത …

ഡോ. മനോജ് വി.എം

മാധ്യമങ്ങൾ പേടിപ്പിക്കുന്നതോ? അതിനു കാരണം ഇപ്പോഴത്തെ ജനിതക ഘടന വെച്ച്‌ ഈ വൈറസുകൾക്ക്‌ മനുഷ്യ ശരീരത്തിൽ കയറുവാൻ കഴിയില്ല … എന്നാൽ ഒരു അമിനോ ആസിഡിൽ മാറ്റം വന്നാൽ അവയ്ക്ക്‌ മനുഷ്യ ശരീരത്തിലേയ്ക്ക്‌ പ്രവേശിക്കുവാൻ കഴിയും എന്നാണു കണ്ടെത്തിയിരിക്കുന്നത്‌ … ഇത്‌ ഇടിവെട്ടുമ്പോൾ മിന്നൽ മുരളിയോ മിന്നൽ ഷിബുവോ ആകുന്നത്‌ പോലെയാണു എന്നേ കരുതേണ്ടതുള്ളൂ … മിഡിൽ ഈസ്റ്റിൽ വരുന്ന മെര്ഴ്സിനു നീപ്പയെ പോലെ പ്രഹര ശേഷി കൂടുതലാണല്ലോ … എന്ന് കരുതി ഈ പഠനത്തിലെ വൈറസുകൾ ഭാവിയിൽ വന്നാൽ അങ്ങിനെ ആകും എന്നൊന്നും ഇല്ല …

ഇത്‌ പോലെ മുൻപും വവ്വാലിലെ വൈറസുകളെ പറ്റി പഠനങ്ങൾ വന്നിട്ടുള്ളതാണു … ഈ കൊവിഡ്‌ കാലത്ത്‌ ഹിറ്റ്‌ കിട്ടും എന്നത്‌ കൊണ്ട്‌ മാധ്യമങ്ങൾ ഇത്‌ പൊലിപ്പിച്ച്‌ വിടുന്നു …
ശാസ്ത്ര ഗവേഷണങ്ങൾ ഇതെല്ലാം കണ്ടെത്തി ഭാവിയിൽ ഇത്‌ വന്നാൽ എങ്ങിനെ നേരിടാം എന്നതിനു തയ്യാറെടുക്കുക എന്നതാണു … 2009ലെ എച്ച്‌1എൻ1 വന്ന സമയത്ത്‌ അമേരിക്ക ചൈനയും സൗത്ത്‌ ഈസ്റ്റ്‌ രാജ്യങ്ങളുമായി ചേർന്ന് (അവിടെയാണു വവ്വാലുകളിൽ വൈറസുകൾ കൂടുതലായി കണ്ടെത്തിയത്‌) ഗവേഷണങ്ങൾ നടത്തിയിരുന്നു എന്നാൽ 2016-17ൽ അമേരിക്ക അതിൽ നിന്ന് പിന്മാറി … അത്‌ കൊണ്ട്‌ കൂടിയാണു 2019ൽ കൊവിഡ്‌ വന്നതിനെ ഉടനെ നേരിടുവാൻ കഴിയാതെ പോയതും … ഇനി ആ തെറ്റ്‌ രാജ്യങ്ങൾ നടത്തില്ല എന്ന് ഉറപ്പാണു …
Source: https://www.biorxiv.org/content/10.1101/2022.01.24.477490v1

ഡോ. സുൽഫി നൂഹു

(ഐ.എം.എ)

പുലി വരുന്നേ പുലി!

“നിയോ കോവ്,”എന്ന പുലി വരുന്നുവെന്നാണ് ടൈംലൈൻ മുഴുവൻ.
പുലി പോയിട്ട് ഒരു എലി പോലും വന്നിട്ടില്ല.
ഈ പുലി വരാനുള്ള സാധ്യതയും കുറവ്
ഇതാണ് ആ പറഞ്ഞ രേഖ!
നീയോ കോവ് മനുഷ്യനെ പിടിച്ചു വിഴുങ്ങിക്കളയും എന്ന തരത്തിലുള്ള രേഖ.
ഇത് വെറും പ്രീ പ്രിൻറ്.
അതായത് “പിയർ റിവ്യൂ” ചെയ്യപ്പെടാത്തത്.
പിയർ റിവ്യൂവിൽ ശാസ്ത്രശാഖകളിലുള്ള വിദഗ്ധർ വിശകലനം ചെയ്ത് അഭിപ്രായം രേഖപ്പെടുത്തണം.
അതൊന്നുമില്ലാതെ എവിടെയോ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ആർട്ടിക്കിളിനെ ചാഞ്ഞ് മാനവരാശി മുഴുവൻ നശിച്ചുപോകും എന്നൊക്കെ തട്ടി വിടുന്നതാണ് ഇപ്പോഴുള്ള
ട്രെൻഡ്.

ഡോ. സുൽഫി നൂഹു

ഇങ്ങനെ ദശലക്ഷക്കണക്കിന് വൈറസുകൾ ലോകത്തെമ്പാടുമുണ്ട്.
ഒരു വവ്വാലിന്റെ ശരീരത്തിൽ തന്നെ ലക്ഷക്കണക്കിന് വൈറസുകളുണ്ടാവും. അവയിൽ പലതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാകാം.
അതൊക്കെ അങ്ങനെ തന്നെ അവിടെയിരിക്കും.
അപൂർവ്വമായി മാത്രം, അങ്ങനെയല്ല, അത്യപൂർവ്വമായി മാത്രം അവൻ വിശ്വരൂപം കാട്ടും.
പുലി വരട്ടെ അപ്പോൾ നമുക്ക് ഭയക്കാം
ഇത് വെറും എലി.
“നിയോക്കോവ്” എന്ന “ഏലി”

വീഡിയോ കാണാം: