ചുകപ്പ് പട്ടുടുത്ത് ചമയങ്ങളുടെയും അലങ്കാരങ്ങളുടെയും നിറച്ചാര്‍ത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; സപ്തതി ആഘോഷം ഗുളികന്‍ വെള്ളാട്ടം കെട്ടിയാടി വ്യത്യസ്തമാക്കി കൊഴുക്കല്ലൂര്‍ സ്വദേശി രാമചന്ദ്രന്‍ പണിക്കര്‍


മേപ്പയ്യൂര്‍: സപ്തതി ആഘോഷം വ്യത്യസ്തമാക്കി മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശി രാമചന്ദ്രന്‍ പണിക്കര്‍. മൂന്ന് പതിറ്റാണ്ടോളം കാലത്തെ സൈനിക സേവനത്തിനു ശേഷമാണ് രാമചന്ദ്രന്‍ പണിക്കര്‍ നാട്ടില്‍ തിരിച്ചെത്തിയത്. സൈന്യത്തിലെ ഉയര്‍ന്ന ഓഫീസര്‍ റാങ്കില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ അന്നും ഇന്നും തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ ഉപാസകന്‍ ആണ്. അത് കൊണ്ടാണ് പണിക്കര്‍ തന്റെ സപ്തതി ആഘോഷം വേറിട്ടതാക്കിയതും.

കൊഴുക്കല്ലൂര്‍ ശ്രീ കൊക്കറണിയില്‍ ഭഗവതി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചാണ് തന്റെ സപ്തതി ആഘോഷത്തിന്റെ സമര്‍പ്പണം കണക്കെ ഈ കഴിഞ്ഞ ദിവസം ക്ഷേത്രം പണിക്കര്‍ കൂടെയായ ഈ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഗുളികന്‍ വെള്ളാട്ടം കെട്ടിയാടിയത്. കൊട്ടി ഉയരുന്ന മേളത്തിന്റെ പശ്ചാത്തലത്തില്‍ ചുകപ്പ് പട്ടുടുത്ത് ചമയങ്ങളുടെയും അലങ്കാരങ്ങളുടെയും നിറച്ചാര്‍ത്തില്‍ രാമചന്ദ്രന്‍ പണിക്കര്‍ പകര്‍ന്നാടിയപ്പോള്‍ കണ്ടുന്നിന്നവര്‍ക്കെല്ലാം അത് നാവ്യാനുഭവമായി.

1956 ല്‍ തന്റെ പതിനാലമത്തെ വയസ്സില്‍ ആണ് രാമചന്ദ്രന്‍ പ്രശസ്ത തെയ്യം കലാകാരന്‍ ആയിരുന്ന പിതാവിന്റെ കീഴില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് സൈന്യത്തില്‍ ജോലി തേടിയെത്തി. വിരമിച്ചു നാട്ടില്‍ എത്തിയ ശേഷം അദ്ദേഹം തെയ്യം ഉള്‍പ്പെടെയുള്ള പരമ്പരാഗത കലകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രം രാമചന്ദ്രന്‍ പണിക്കര്‍ക്ക് പട്ടും വളയും നല്‍കി ആദരിച്ചു.