ചങ്ങരോത്ത് പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്തെ കുറ്റ്യാടിപ്പുഴയോരത്ത് മാലിന്യം തള്ളുന്നത് വ്യാപകം


പേരാമ്പ്ര: കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്തെ പുഴയുടെ തീരത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്. വാഴയില്‍ കടവത്ത് താഴെ ഭാഗത്ത് ചാക്കുകളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.

പാറക്കെട്ടുകളുള്ള പുഴയായതിനാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. ഒട്ടേറെപ്പേര്‍ നീന്തിക്കുളിക്കാനെത്തുക പതിവാണ്. മറ്റിടങ്ങളില്‍നിന്നും ഒട്ടേറെപ്പേര്‍ ഇവിടേക്ക് എത്താറുമുണ്ട്. ഇങ്ങനെയെത്തുന്നവരും മാലിന്യം നിക്ഷേപിക്കുന്നതായി പറയുന്നു.

ജാനകിക്കാട് ഇക്കോടൂറിസം സെന്ററിന് അടുത്തുള്ള പ്രകൃതിമനോഹരമായ പുഴയോരം മലിനമാക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന് അറിയിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.