ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


ചങ്ങനാശ്ശേരി: എം.സി. റോഡില്‍ എസ്.ബി. കോളേജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറില്‍ പള്ളിവീട്ടില്‍ ഷാനവാസിന്റെ ഏകമകന്‍ അജ്മല്‍ (27) ചങ്ങനാശ്ശേരി മാര്‍ക്കറ്റ് ഉള്ളാഹയില്‍ രാജുവിന്റെ മകന്‍ അലക്‌സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പില്‍ രമേശിന്റെ മകന്‍ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45 നായിരുന്നു അപകടം. എതിര്‍ദിശയില്‍വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുബൈക്കുകളിലും രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു.

അപകടം നടന്നയുടനെ സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മൂന്നുപേരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അജ്മല്‍ റോഷന്‍ ഇവിടെവെച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രുദ്രാക്ഷിനെയും അലക്‌സിനെയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഇരുവരും മരിച്ചു.

അമിതവേഗതയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.