കോഴിക്കോട് നിരോധിത പുകയില ഉല്പന്നങ്ങളുമായി അച്ഛനും മകനും അറസ്റ്റില്‍; പിടിച്ചെടുത്തത് ഒരുലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങള്‍


കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അച്ഛനും മകനും അറസ്റ്റില്‍. മാങ്കാവ് കൂളിത്തറ കുഞ്ഞാദ് കോയ (62), മകന്‍ നൗഫല്‍ (35) എന്നിവരാണ് പിടിയിലായത്.

കുഞ്ഞാദ് കോയയുടെ സ്‌റ്റേഷനറി കടയില്‍ നിന്നും ഹോട്ടലില്‍ നിന്നുമാണ് പൊലീസ് ഒരുലക്ഷത്തോളം രൂപയുടെ ആയിരത്തോളം പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കസബ എസ്.ഐ എസ്. അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുഞ്ഞാദ് കോയയുടെ ചായ കടയിലാണ് ആദ്യം പരിശോധന നടന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മകനിലേക്കുള്ള സൂചന ലഭിച്ചത്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.

കടയിലും വീട്ടിലും നടത്തിയ പരിശോധനയില്‍ ഉപയോഗശേഷം കളഞ്ഞ പുകയിലെ ഉല്പന്നങ്ങളുടെ കവറുകളും കണ്ടെത്തി. കെ.ടി നിറാസ്, യു.പി ഉമേഷ്, പി.കെ രജീഷ്, എം.കെ സാഹിറ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.