കോഴിക്കോട് ജില്ലയില്‍ പട്ടികജാതി ഫണ്ട് വിനിയോഗത്തിൽ നൂറ് ശതമാനം കൈവരിച്ച രണ്ടാമത്തെ പഞ്ചായത്തായി തിക്കോടി


തിക്കോടി: പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച രണ്ടാമത്തെ പഞ്ചായത്തായി തിക്കോടി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിനായി 32,46,000 രൂപയാണ് പഞ്ചായത്തിന് അനുവദിച്ചത്. എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ഫര്‍ണ്ണിച്ചര്‍ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍, ലൈഫ് ഭവനം, എസ്.സി. വീടിന്റെ ഗുണമേന്മ വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് തിക്കോടി പഞ്ചായത്ത് നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ചത്.

നിലവിലെ സെന്‍സസ് പ്രകാരം പട്ടികജാതി വിഭാഗത്തില്‍പെട്ട 1,433 പേരാണ് പഞ്ചായത്തിലുള്ളത്. വിദ്യാര്‍ഥികളും വയോജനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് എല്ലാവര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം തിക്കോടി പഞ്ചായത്ത് കൈവരിക്കുന്നത്. പഞ്ചായത്തില്‍ ഉള്‍പ്പെട്ട 104 പേര്‍ക്കാണ് വിവിധ പദ്ധതികള്‍ വഴി ഫണ്ട് നല്‍കിയത്.

പ്രൊഫഷണല്‍ കോഴ്‌സ്, ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 16 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. കൂടാതെ 21 വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണ്ണിച്ചറും നല്‍കി. 5,18,332 രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1,52,250 രൂപ വിനിയോഗിച്ച് 34 വയോജനങ്ങള്‍ക്ക് കട്ടിലുകളും വിതരണം ചെയ്തു.

സ്വന്തമായി വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 പേര്‍ക്കാണ് പഞ്ചായത്ത് വീടു നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത്. എസ്.സി വിഹിതത്തില്‍നിന്നും 16,26,418 രൂപയാണ് ഇതിനായി പഞ്ചായത്ത് അനുവദിച്ചത്. അതോടൊപ്പം വീടുകളുടെ പുനരുദ്ധാരണത്തിനായി അപേക്ഷിച്ച പത്ത് പേര്‍ക്കും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തിലേതില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കായി 3,49,000 രൂപയും പഞ്ചായത്ത് വകയിരുത്തി.

അംഗണവാടികളിലൂടെയുള്ള പോഷകാഹാര വിതരണത്തിനായി ഐ.സി.ഡി.എസ് മുഖേന രണ്ട് ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരു ലക്ഷം രൂപ എസ്.എസ്.കെ വിഹിതമായും പഞ്ചായത്ത് ചെലവഴിച്ചു.