കോഴിക്കോട് ഗുരുതര വ്യാപനം; രണ്ടായിരം കടന്ന് ജില്ലയിലെ കോവിഡ് കണക്കുകൾ; ടിപി.ആര്‍ മുപ്പതിന് മുകളില്‍ തുടരുന്നു


കോഴിക്കോട്: സംസ്ഥാനത്തേതിന് സമാനമായി ജില്ലയിലും കോവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും ഉയരുന്നു. രണ്ടായിരത്തിന് മുകളില്‍ കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ച്യെതിരിക്കുന്നത്. 32.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകള്‍ 1500 ന് മുകളിലും ടി.പി.ആര്‍ മുപ്പതിന് മുകളിലും തുടരുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലിയില്‍ പൊതുയോഗങ്ങള്‍ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കര്‍ശനമാക്കുമെന്നും കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കം വഴി 1,990 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 26 പേര്‍ക്കും അഞ്ച് ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,355 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 513 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 12,022 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,584 പേര്‍ ഉള്‍പ്പടെ 23,887 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,09,271 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,580 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍:

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 12,022

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 125

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 37
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 3

സ്വകാര്യ ആശുപത്രികള്‍ – 252

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 9,561

കോവിഡ് വ്യാപനം അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായകമായ ആരോഗ്യശീലങ്ങള്‍ ജീവിതത്തില്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. 15 വയസ്സിന് മുകളിലുള്ള എല്ലാവരും നിശ്ചിത ഇടവേളയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത് സുരക്ഷിതരാകണം. വാക്സിനെടുത്തവര്‍ക്ക് രോഗം വന്നാല്‍ പോലും ഗുരുതരമാകാന്‍ സാധ്യതയില്ല. കൂടാതെ ശരിയായ വിധം മാസ്‌ക് ധരിക്കുക, കൈകകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുകയും ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നിവയെല്ലാം പാലിച്ച് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് മുക്തമായ നാടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.