കോരപ്പുഴപ്പാലം ഇനി രാത്രികളില്‍ തിളങ്ങും; ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്ത് കാനത്തില്‍ ജമീല


ചേമഞ്ചേരി: കോരപ്പുഴ പാലം വഴിയുള്ള രാത്രിയാത്ര ഇനി കളറാവും. പാലത്തിന്റെ ഇരുഭാഗത്തുമായി എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. പാലം വഴിയുള്ള യാത്രക്കാര്‍ക്ക് പുറമേ ട്രെയിന്‍ യാത്രക്കാര്‍ക്കും ഇത് മനോഹരമായ കാഴ്ചയായിരിക്കും.

പാലത്തില്‍ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. 36 വാട്‌സിന്റെ 60 എല്‍.ഇ.ഡി ബള്‍ബുകളാണ് പാലത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. കൊച്ചി ആസ്ഥാനമായുള്ള ഷബീര്‍ ആന്റ് കമ്പനി എട്ട് ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് അജ്‌നാഫ് കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയംഗം അതുല്യ ബൈജു, വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, മുന്‍ വാര്‍ഡ് മെമ്പര്‍ പി.ടി സോമന്‍ എന്നിവര്‍ പങ്കെടുത്തു.