കോരപ്പുഴക്കാരുടെ ഏറെ നാളത്തെ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു; ഫിഷറീസ് യു.പി സ്‌കൂളിന് പുതിയ കെട്ടിടമായി; ഇനി സുരക്ഷിതമായ വഴികൂടി ഒരുക്കണമെന്ന് നാട്ടുകാര്‍


ചേമഞ്ചേരി: ഒരുശതാബ്ദത്തോളം പഴക്കമുള്ള കോരപ്പുഴ ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്. കിഫ്ബി അനുവദിച്ച 75,44,000 രൂപ ചെലവഴിച്ച് തീരദേശ വികസന കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മിച്ചത്.

പുതുതായി നിര്‍മ്മിച്ച ഇരുനില കെട്ടിടം ശനിയാഴ്ച മന്ത്രി സജി ചെറിയാന്‍ നാടിന് സമര്‍പ്പിക്കും. കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷയാവും.

സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്ക് എത്താനായി സുരക്ഷിതമായ വഴിയൊരുക്കണം എന്നതാണ് നാട്ടുകാര്‍ മുന്നോട്ടുവെക്കുന്ന അടുത്ത പ്രധാനപ്പെട്ട ആവശ്യം. റെയിലിന് മറുവശത്തുള്ള കുട്ടികള്‍ പാളം മുറിച്ചുകടന്നാണ് സ്‌കൂളിലേക്ക് വരുന്നത്. അപകട സാധ്യത മുന്നില്‍കണ്ട് രാവിലെയും വൈകുന്നേരവും ഇവിടെ അധ്യാപകരെ നിര്‍ത്തേണ്ട അവസ്ഥയാണ്.

അടിപ്പാതയോ നടന്നുകയറാന്‍ മേല്‍പ്പാലമോ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തെ ഒട്ടേറെത്തവണ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ല.